സൂറിച്ച്: ഫിഫ പ്രസിഡന്റായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര്‍ അമേരിക്കന്‍ അധികൃതരെയും യുവേഫയെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു. ഫിഫയെ അമേരിക്കന്‍ നിയമ സംവിധാനം ലക്ഷ്യമിട്ടത് ഞെട്ടിച്ചെന്നും യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണാധികാരികള്‍ നടത്തിയ പ്രചാരണം വെറുപ്പിക്കുന്നതായിരുന്നെന്നും ബ്ലാറ്റര്‍ തുറന്നടിച്ചു.
ഫിഫ കോണ്‍ഗ്രസിനെ തടസപ്പെടുത്താനായിരുന്നു യുഎസ് അഴിമതി വിരുദ്ധ വാറന്റിന്റെ പേരില്‍ ഏഴു ഭാരവാഹികളെ അറസ്റ്റ് ചെയ്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അക്കാര്യം ഉറപ്പില്ല. എന്നാല്‍ നല്ല സൂചനകളല്ല അതു നല്‍കുന്നത്, ഒരു സ്വിസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലാറ്റര്‍ പറഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി. ഫിഫ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാനൊരിക്കലും എന്താണു സംഭവിച്ചതെന്നറിയാതെ പരാമര്‍ശങ്ങള്‍ നടത്താറില്ല, യുഎസ് അറ്റോര്‍ണി ജനറല്‍ ലൊറേട്ട ലെയ്ഞ്ചിനെ ഉന്നംവച്ച് ബ്ലാറ്റര്‍ കുറ്റപ്പെടുത്തി. ജോര്‍ദാന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണ് അമേരിക്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോര്‍ദാന്‍ രാജകുമാരനായ അലി ബിന്‍ അലി ഹുസൈനാണ് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്ലാറ്ററെ നേരിട്ടത്.
അതൊരു വ്യക്തിയില്‍ നിന്നുവന്ന വെറുപ്പ് മാത്രമായിരുന്നില്ല. 1998ല്‍ ഞാന്‍ പ്രസിഡന്റായെന്നു മനസിലാക്കാത്ത യുവേഫയില്‍ നിന്നുള്ള വിദ്വേഷം കൂടിയായിരുന്നു, മിഷേല്‍ പ്ലാറ്റിനിയെ വിമര്‍ശിച്ച് ബ്ലാറ്റര്‍ പറഞ്ഞു. എല്ലാവരോടും ക്ഷമിക്കുമെന്നും എന്നാല്‍ ഒന്നും മറക്കില്ലെന്നും ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി സൂറിച്ചില്‍ നടന്ന വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ അലി രാജകുമാരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് 79കാരനായ ബ്ലാറ്റര്‍ വീണ്ടും ഫിഫയുടെ അമരക്കാരനായത്.
















