പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മുന്‍ ചാമ്പ്യനും സ്വിറ്റ്സര്‍ലന്റ് ഇതിഹാസവുമായ റോജര്‍ ഫെഡററും സെര്‍ബിയന്‍ സുന്ദരി അനാ ഇവാനോവിച്ചും വിജയപ്രയാണം തുടര്‍ന്നു.
ബോസ്നിയന്‍ പ്രതിയോഗി ദാമില്‍ സുംഹുറിനെ നിഷ്പ്രയാസം തോല്‍പ്പിച്ച ഫെഡറര്‍ നാലാം റൗണ്ടിലേക്ക് കുതിച്ചപ്പോള്‍ (6-4, 6-3, 6-2) ഇവാനോവിച്ച് മൂന്നാം റൗണ്ടില്‍ ക്രൊയേഷ്യയുടെ ഡോണ വെക്കിക്കിനെ കെട്ടുകെട്ടിച്ചു, സ്കോര്‍: 6-0, 6-3.
വനിതകളിലെ താരയുദ്ധത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ ഓസ്ട്രേലിയന്‍ വൈരി സാമന്ത സ്റ്റോസറെ 6-3, 6-4ന് അതിജീവിച്ചു.
ആതിഥേയ താരം അലീസെ കോര്‍നെറ്റ്, സ്പെയ്നിന്റെ ഗാര്ബെന് മുഗറുസ, ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസിയ സഫറോവ, റഷ്യയുടെ എകാതറീന മക്കറോവ എന്നിവര്‍ മുന്നേറി. എന്നാല്‍ എലേന വെസ്നിയയും (റഷ്യ), എയ്ഞ്ചലിക് കെര്‍ബറും (ജര്‍മനി) പുറത്തായി. പുരുഷവിഭാഗത്തില്‍ ഫ്രാന്‍സിന്റെ ഗില്ലര്‍മൊ സിമോണ്‍, റിച്ചാര്‍ഡ് ഗാസ്കറ്റ്, സ്വിസ് സ്റ്റാര്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക എന്നിവരും വിജയികളില്പ്പെടുന്നു.
വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ്, പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യവും മൂന്നാം റൗണ്ട് ഉറപ്പിച്ചു.
















