ഹൈദരാബാദ്: കനത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,100 കവിഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ആന്ധ്രപ്രദേശില്‍ 852 പേരാണ് മരിച്ചത്. തെലങ്കാനയില്‍ 269 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
ദല്‍ഹിയിലും കൊടും ചൂടേറ്റ് റോഡിലെ ടാറുകള്‍ ഉരുകി ഒലിച്ചു കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച മരിച്ചവരിലേറെയും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും, വയോധികരും വീടില്ലാത്തവരുമാണെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തെലുങ്കാനയിലെ രാമഗുണ്ടം പട്ടണത്തിലെ താപനില 44.5 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു. ആന്ധ്രയിലെ ജംഗമേശ്വരപുരത്താണ് ഏറ്റവും കൂടുല്‍ താപനില രേഖപ്പെടുത്തിയത് 46.4 ഡിഗ്രി സെല്‍ഷ്യസ്. ഇവിടങ്ങളില്‍ പവര്‍ കട്ട് ഉണ്ടാകുന്നില്ലെന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.
ഒഡീഷ, ജാര്‍ഖണ്ഡ്, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാദ്ധ്യതയുണ്ടെന്നും മെറ്റീരോളോജിക്കല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് ആന്ധ്ര, തെലുങ്കാന സര്‍ക്കാരുകള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയക്തമായ ആവശ്യങ്ങള്‍ ഇല്ലാതെ രാവിലെ ഒമ്പത് മണിക്കും നാലുമണിക്കും ശേഷം പുറത്തിറങ്ങരുതെന്ന് ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
രാവിലെ 11.30 മുതല്‍ നാലു മണിവരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാരുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂടിന് അറുതി വരുത്താന്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 31ന് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
















