ലണ്ടന്‍: ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉശിരന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ പ്രശംസിച്ച് നായകന് അലിസ്റ്റര്‍ കുക്ക്. 124 റണ്‍സിനാണ് ഇംഗ്ലണ്ട് കിവികളെ തോല്‍പ്പിച്ചത്.
345 റണ്‍സിന്റെ ലക്ഷ്യം തേടിയ ന്യൂസിലാന്റ് അവസാനദിനം 9.3 ഓവറുകള്‍ മാത്രം ശേഷിക്കെ 220ന് ഓള് ഔട്ടായി. ആദ്യ ഇന്നിങ്സില്‍ 92 റണ്‍സ് നേടിയ സ്റ്റോക്സ് രണ്ടാംവട്ടത്തില്‍ 101 റണ്‍സോടെ മിന്നിത്തിളങ്ങി. മൂന്നു വിക്കറ്റും താരത്തിന് ലഭിച്ചു.
സ്റ്റോക്സിന്റെ ബാറ്റിങ് അവിശ്വസനീയം. സെഞ്ച്വറിക്ക് സ്തുതി. എങ്കിലും ആദ്യ ഇന്നിങ്സിലെ അര്‍ധശതകം വേറിട്ടുനില്ക്കുന്നു. നമ്മളുടെ സ്ഥിതി പരുങ്ങലിലായിരുന്നു. സ്വിങ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യവും. അവര്‍ നന്നായി പന്തെറിയുകയും ചെയ്തു. പക്ഷേ, ബെന്‍ കളിച്ച രീതി അതിശയകരം, കുക്ക് പറഞ്ഞു.
ബെന്നിന് നല്ല പ്രതിഭയുണ്ടെന്നറിയാം. പ്രതിഭയുണ്ടായിട്ടുമാത്രം കാര്യമില്ല. കഠിനമായി പരിശ്രമിക്കുകയുംവേണം. നിങ്ങള്‍ രാവിലെ നെറ്റ്സില്‍ ചെന്നു നോക്കൂ. ആദ്യ പന്ത് നേരിടുന്നത് സ്റ്റോക്സ് ആയിരിക്കും. ആരെക്കാളും അരമണിക്കൂര്‍ മുന്‍പ് അദ്ദേഹം പരിശീലനത്തിനെത്തുമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.
















