കൊല്‍ക്കത്ത: ഒരുഘട്ടത്തില്‍ അതിജീവനത്തിന് മല്ലിട്ടവര്‍ ഒടുവില്‍ അധികാരികളായി- ഐപിഎല്ലിന്റെ എട്ടാം എഡിഷനില്‍ മുംബൈ ഇന്ത്യന്‍സിന്റ കിരീടധാരണത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ തുടര്‍ തോല്‍വികളുടെ നൊമ്പരം പേറിയവരാണ് മുംബൈ. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന അവര്‍ കപ്പ് കൈക്കലാക്കി. സച്ചിന് ടെണ്ടുല്‍ക്കറെയും റിക്കി പോണ്ടിങ്ങിനെയും ജോണ്ടി റോഡ്സിനെയും അനില്‍ കുംബ്ലെയെയും പോലുള്ള ഇതിഹാസങ്ങളെ കൂടെക്കൂട്ടിയ മുംബൈയ്ക്ക് പിഴച്ചില്ല. ആ പ്രതിഭകള്‍ പകര്‍ന്ന ഊര്‍ജ്ജം രോഹിത് ശര്‍മ്മയും കൂട്ടരും ആവാഹിച്ചപ്പോള്‍ രണ്ടാം തവണ ജേതാവാകുന്ന മൂന്നാമത്തെ ടീമെന്ന ഖ്യാതി മുംബൈ ഇന്ത്യന്‍സിന് വന്നുചേര്‍ന്നു. 2013ലും ഈഡന് ഗാര്‍ഡനിലായിരുന്നു മുംബൈയുടെ വിജയം. അന്നും ചെന്നൈ സൂപ്പര്‍ കിങ്സ് പരാജിതരുടെ വശത്ത്. സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മാത്രമേ ഇതിനു മുന്‍പ് രണ്ടുവട്ടം കപ്പുയര്ത്തിയിട്ടുള്ളു.
തികച്ചും ആധികാരികം തന്നെ മുംബൈയുടെ കിരീടനേട്ടം. അവരുടെ താരങ്ങളെല്ലാം യഥാസമയത്ത് ഫോമിലെത്തി. ലെന്‍ഡല്‍ സിമ്മണ്‍സിന്റെ കാര്യം എടുത്തു പറയണം. മുംബൈയുടെ മികച്ച ആരംഭങ്ങള്ക്കു പിന്നില്‍ ഈ കരീബിയന്‍ കരുത്തായിരുന്നു. മറ്റൊരു വിന്‍ഡീസ് സാന്നിധ്യം കെയ്റോണ്‍ പൊള്ളാര്‍ഡും മുംബൈക്കുവേണ്ടി ഏറെ വിയര്പ്പൊഴുക്കിയവരില്പ്പെടുന്നു. എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടികൂടിയായി പൊള്ളാര്‍ഡിന്റെ പ്രകടനം. ലാസിത് മലിംഗ മൂര്ച്ചവീണ്ടെടുത്തതും മുംബൈയെ ഏറെ തുണച്ചു. കലാശക്കളി ഏറെക്കുറെ ഏകപക്ഷീയമായെന്നു പറയാം.
ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുക്കാത്ത സൂപ്പര്‍ കിങ്സ് നായകന് എം.എസ്. ധോണിയുടെ പിഴവില്‍ തുടങ്ങുന്നു അവരുടെ പതനം. പാര്‍ഥിപ് പട്ടേലിനെ തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും സിമ്മണ്‍സും രോഹിതും ചെന്നൈ പന്തേറുകാരെ കടന്നാക്രമിച്ചു. മോഹിത്തും ആര്. അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം നന്നായി തല്ലുവാങ്ങി.
ഇരുവരും വീണെങ്കിലും പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും കത്തിക്കയറിയ നിമിഷം മുംബൈ ഉഗ്രന്‍ സ്കോര്‍ ഉറപ്പിച്ചു. ആദ്യ ഓവറുകളില്‍ സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ചെന്നൈയെയാണ് പിന്നെക്കണ്ടത്. ഡ്വെയ്ന്‍ സ്മിത്തും (57), സുരേഷ് റെയ്നയും (28) ക്രീസില്‍ നിന്നപ്പോള്‍ മാത്രമേ സൂപ്പര്‍ കിങ്സ് പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടുള്ളു.എന്നാല്‍ രണ്ടുപേരെയും മടക്കി ഹര്ഭജന് സിങ് മാച്ച് വിന്നറുടെ രൂപം എടുത്തണിഞ്ഞു. റെയ്നയെ വീഴ്ത്താന്‍ ഭാജി കാട്ടിയ കൗശലം അനുപമം. പിന്നെ ഡ്വെയ്ന്‍ ബ്രാവോയും ഫാഫ് ഡു പ്ലെസിസും ധോണിയുമെല്ലാം പോരാട്ടവീര്യം നഷ്ടപ്പെട്ടവരായിമാറി. അത്തരമൊരു സ്വഭാവം ചെന്നൈ നിരയില്‍ ദര്‍ശിക്കുക അപൂര്‍വ്വം.
അതുതന്നെയാണ് കലാശക്കളിക്ക് മനസില്‍ക്കണ്ട ആവേശം ലഭിക്കാതെ പോകാന്‍ കാരണവും.
ധോണിയെ ബൗള്‍ഡാക്കിയ മലിംഗയുടെ പന്ത് ഓര്‍മ്മിക്കത്തക്കത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ രോഹിത് ഫൈനലിലെ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
സ്കോറിങ് സ്റ്റാര്‍സ്
1 ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്സ്) 562 റണ്‍സ്
2 അജിന്‍ക്യ രഹാനെ
( രാജസ്ഥാന് റോയല്‍സ്) 540
3, ലെന്‍ഡല്‍ സിമ്മണ്‍സ് (മുംബൈ ഇന്ത്യന്‍സ്) 540
4, എബി ഡിവില്ലിയേഴ്സ് (റോയല്‍ ചലഞ്ചേഴ്്സ്) 513
5, വിരാട് കോഹ്ലി (റോയല്‍ ചലഞ്ചേഴ്സ് ) 505
സ്ട്രൈക്കിങ് സ്റ്റാര്‍സ്
1, ഡ്വെയ്ന്‍ ബ്രാവോ ( സൂപ്പര്‍ കിങ്സ് ) 26 വിക്കറ്റ്
2, ലാസിത് മലിംഗ (മുംബൈ ഇന്ത്യന്‍സ്) 24
3, യശ്വേന്ദ്ര ചഹല്‍ (റോയല്‍ ചലഞ്ചേഴ്സ്) 23
4, ആശിഷ് നെഹ്റ (സൂപ്പര്‍ കിങ്സ്) 22
5, മിച്ചല്‍ സ്റ്റാര്‍ക്ക് (റോയല്‍ ചലഞ്ചേഴ്സ് )20
ഓറഞ്ച് ക്യാപ്പ് -(കൂടുതല്‍ റണ്‍സ്)- ഡേവിഡ്
വാര്‍ണര്‍
പര്‍പ്പിള്‍ ക്യാപ്പ് -( കൂടുതല്‍ വിക്കറ്റ്)- ഡ്വെയ്ന്‍ ബ്രാവോ
പുതുമുഖ താരം -ശ്രേയസ് അയ്യര്‍
കൂടുതല്‍ സിക്സര്‍- കെയ്റോണ്‍ പൊള്ളാര്‍ഡ്
ഫെയര്‍ പ്ലേ- ചെന്നൈ സൂപ്പര്‍ കിങ്സ്
മികച്ച ക്യാച്ച്-ഡ്വെയ്ന്‍ ബ്രാവൊ ( റോയല്‍സിനെതിരെ ഷെയ്ന് വാട്സനെ പുറത്താക്കിയത്)
വിലകൂടിയതാരം- ആന്ദ്രെ റസല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
















