ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പെട്ട് നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാനുളള നീക്കത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ അവര്‍ 1800 കോടി രൂപയുടെ വികസന, ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ഞായറാഴ്ച സെക്രട്ടറിയേറ്റിലേക്കുള്ള ആദ്യവരവിലാണ് അഞ്ച് പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് ജയലളിത ഫയലില്‍ ഒപ്പിട്ടത്. ഓലമേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് വീടുകളാക്കി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് പാവപ്പെട്ടവര്‍ക്ക് 2.10 ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതിയാണ് പ്രധാനം. ആദ്യഘട്ടത്തില്‍ ടൗണ്‍ പഞ്ചായത്ത് മേഖലകളിലെ 20,000 കുടുംബങ്ങളെയാണ് ഇതിന് തെരഞ്ഞെടുക്കുക.
കുടുംബത്തിന്റെ ചുമതല വഹിക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും വായ്‌പാസഹായവും നല്‍കുന്നതിനായി 750 കോടി രൂപയുടെ പദ്ധതി, ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം ലഭ്യമാക്കുന്ന 201 അമ്മ ക്യാന്റീനുകള്‍, റോഡ് വികസനത്തിനും കുടിവെള്ള വിതരണത്തിനുമായി 1000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് ജയലളിത മുന്നോട്ടുവെച്ചത്.
കുടുംബനാഥയായ സ്ത്രീകള്‍ക്ക് 10,000 രൂപ മുതല്‍ 20,000 വരെ വായ്‌പ നല്‍കുന്നതിനൊപ്പം തൊഴില്‍ പരിശീലനവും നല്‍കും. അഞ്ച് വര്‍ഷത്തെ പദ്ധതിക്ക് വേണ്ടി വരുന്ന 750 കോടിയില്‍ 100 കോടി ഈ സാമ്പത്തിക വര്‍ഷം അനുവദിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി 77.13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 1274 പ്ലാന്റുകള്‍ സ്ഥാപിക്കും. വരള്‍ച്ചാപ്രദേശങ്ങളായ ശിവഗംഗയുടെയും രാമനാഥപുരത്തിന്റെയും സമീപപ്രദേശങ്ങളായ 69 സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
മിക്‌സിയും െ്രെഗന്‍ഡറുമൊക്കെ സൗജന്യമായി നല്‍കി വോട്ട് ഉറപ്പിക്കുന്ന എഐഎഡിഎംകെയുടെ നയത്തെ പിഎംകെ പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് രാഷ്‌ട്രീയ കക്ഷികള്‍ക്കിടയിലും ഈ അഭിപ്രായം വ്യാപകമാകുന്നതിനിടയിലാണ് ജയലളിതയുടെ നടപടി.
കഴിഞ്ഞ തവണ അധികാരമേറ്റ ശേഷം ജയലളിത അവതരിപ്പിച്ച അമ്മ ക്യാന്റീനും കുപ്പിവെള്ളവും ജനക്ഷേമ പരിപാടികളും വന്‍ ഹിറ്റായിരുന്നു. ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 800 കോടി രൂപയാണ് ഇപ്പോള്‍ വകയിരുത്തിയിട്ടുള്ളത്. 3500 കിലോമീറ്റര്‍ റോഡ് ഇക്കൊല്ലം വികസിപ്പിക്കാനാണ് പദ്ധതി.
അഴിമതിക്കേസിലൂടെ നേരിട്ട മോശം പ്രതിച്ഛായ ജനക്ഷേമ പരിപാടിയിലൂടെ മറികടക്കാമെന്നാണ് ജയലളിതയുടെയും എഐഎഡിഎംകെയുടെയും പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ ജയലളിതയുടെ നീക്കത്തെ ഏത് വിധത്തില്‍ പ്രതിരോധിക്കുമെന്ന ആലോചനയിലാണ് മുഖ്യഎതിരാളികളായ ഡിഎംകെ.അതേസമയം അനധികൃത സ്വത്തുകേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ ഡിഎംകെ അപ്പീല്‍ നല്‍കും. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത സ്വത്ത് കേസില്‍ കര്‍ണാടക ഹൈക്കോടതിയാണ് ജയലളിതയെ കുറ്റവിമുക്തയാക്കിയത്.
66 കോടി രൂപയുടെ അനധികത സ്വത്തുകേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ഈ മാസം 11നാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
















