ബോസ്റ്റണ്‍: ബ്രിട്ടന്റെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ജെയിംസ് ഡിഗെയ്ല് ഇന്റര്‍നാഷണല്‍ ബോക്സിങ് ഫെഡറേഷന്റെ സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗം ലോകചാമ്പ്യനായി. അമേരിക്കന്‍ ബോക്സര്‍ ആന്ദ്രെ ഡിറെലിനെ ഇടിച്ചൊതുക്കിയാണ് ഡിഗെയ്ല് കിരീടംചൂടിയത്. പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ലോകചാമ്പ്യനാകുന്ന ആദ്യത്തെ ബ്രിട്ടീഷ് ഒളിംപിക് മെഡല്‍ ജേതാവും ഡി ഗെയ്ല് തന്നെ.മൂന്നു വിധികര്‍ത്താക്കളും ഡി ഗെയ്ലിനെ അനുകൂലിച്ചു.
രണ്ടുപേര്‍ ഡി ഗെയ്ലിന് 114-112 എന്ന മുന്‍തൂക്കം നല്കിയപ്പോള് ഒരാള്‍ 117-109 എന്ന സ്കോര്‍ കുറിച്ചു. ഡി ഗെയ്ല് അനിഷേധ്യ ചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മത്സരം കടുത്തതായിരുന്നു. മിന്നല്‍ തുടക്കമിട്ട ഡി ഗെയ്ല് രണ്ടാം റൗണ്ടില്‍ രണ്ടുവട്ടം ഡിറെലിനെ ഇടിച്ചിട്ടു. എന്നാല്‍ റിങ് വാറിന്റെ രണ്ടാം ഘട്ടത്തില്‍ ഡിറെല് ശക്തമായ തിരിച്ചുവരവു നടത്തി.
അതോടെ പോയിന്റുകള്‍ തമ്മിലെ അന്തരം കുറഞ്ഞു. പക്ഷേ, അവസാന നിമിഷങ്ങളിലെ മിന്നല്‍ പഞ്ചുകള്‍ ഡി ഗെയ്ലിനെ വിജയത്തിലെത്തിച്ചു.
















