ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിനോടും ലഫ്.ഗവര്‍ണ്ണറോടും വഴക്കിട്ടും ആപ് നേതൃത്വം തമ്മിലടിച്ചും അരവിന്ദ് കേജ്രിവാള് നയിക്കുന്ന ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നൂറുദിനം തികച്ചു. വലിയ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടിയിലെ തമ്മിലടി സൃഷ്ടിച്ച അങ്കലാപ്പ് മറികടക്കാന്‍ 100 ദിനങ്ങള്‍ പിന്നിടുമ്പോഴുംകേജ്രിവാളിനും സംഘത്തിനും സാധിക്കുന്നില്ല.
പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത ദല്‍ഹിയിലെ വഴിതെറ്റുന്ന ഭരണം നിയന്ത്രിക്കാന്‍ ലഫ്.ഗവര്‍ണ്ണര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രതിരോധിക്കാനാണ് കേജ്രിവാളിന്റെ നീക്കം. കൂടുതല്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളില്‍നിന്നും പിന്‍വലിഞ്ഞ് കേന്ദ്രസഹകരണത്തോടെ നല്ല ഭരണം കാഴ്ചവയ്ക്കുന്നതിന് പകരം വിവാദങ്ങളില്‍നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും ജനാധിപത്യ സംവിധാനങ്ങളെ അവമതിക്കുന്നതിനുമാണ് കേജ്രിവാള് ശ്രമിക്കുന്നത്.
അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച വലിയ പ്രഖ്യാപനങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നിരന്തരം പ്രതികരണങ്ങള്‍ തുടരുന്ന കേജ്രിവാളും സംഘവും രാജ്യതലസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത് അരാജകത്വത്തിന്റെ പുതിയ രീതിയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലടക്കം യാതൊന്നും ചെയ്യാന്‍ കേജ്രിവാളിനും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല.
ദല്‍ഹിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം ഇല്ലായ്മ ചെയ്യുന്നതിനായി നിര്‍ദ്ദേശം പുറത്തിറക്കിയതല്ലാതെ അതു നിയന്ത്രിക്കുന്നതിനാവശ്യമായ യാതൊരു നടപടികളും എഎപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ സ്കൂളുകളിലെ നിലവാരം ഉയര്‍ത്തുന്നതിനോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനുസരിച്ച് പുതിയ സ്കൂളുകളും കോളേജുകളും തുടങ്ങുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതിനോ ഉപമുഖ്യമന്ത്രി കൂടിയായ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനോ അധ്യാപക അവകാശ സംരക്ഷണ നിയമം നടപ്പാക്കുന്നതിനോ സിസോദിയക്ക് സാധിച്ചിട്ടില്ല.
പാരിസ്ഥിതിക രംഗത്ത് സ്വച്ഛ് ഭാരത് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഇത്തരം ശുചീകരണ പദ്ധതികള്‍ക്ക് പിന്തുണ നല്കുന്നതില് എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യതലസ്ഥാനത്തെ വീഥികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നതിനോ യമുനാ ശുചീകരണത്തിനോ ആവശ്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടങ്ങിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പൊതു ഗതാഗതസംവിധാനം കാര്യക്ഷമമാക്കി ഡീസല്‍ മലിനീകരണത്തോത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ശുദ്ധമായ കുടിവെള്ള പ്ലാന്റുകള്‍ ആരംഭിക്കാനുള്ള പദ്ധതികളും എങ്ങുമെത്തിയിട്ടില്ല.
ആരോഗ്യരംഗത്ത് അത്യന്താധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന ആരോഗ്യമന്ത്രി സത്യന്ദര്‍ ജയിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ല. പുകയില നിരുത്സാഹപ്പെടുത്തുന്ന പദ്ധതികള്‍ പലതും പത്രപരസ്യങ്ങളിലൊതുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏക ട്രോമ കെയര്‍ കേന്ദ്രമായ ശുശ്രുതയുടെ പ്രവര്‍ത്തനം ആകെ താറുമാറായ നിലയിലുമാണ്.
അധികാരത്തിലേറി പത്തുദിവസങ്ങള്‍ക്കകം വൈദ്യുത നിരക്ക് 50 ശതമാനം വെട്ടിക്കുറച്ച എഎപി സര്‍ക്കാര്‍ ഇതുവഴി വരുന്ന 1500 കോടി രൂപയുടെ അധിക സബ്സിഡി ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ്. പുതിയ കല്‍ക്കരി ഖനി കരാറാക്കി വൈദ്യുതക്ഷാമം പരിഹരിക്കാമെന്ന പുതിയ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
ഇ-റിക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും ഫെബ്രുവരിയില്‍ പുതിയ പദ്ധതി ആരംഭിച്ചെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല. ഇതുവരെ 19 ഇ-റിക്ഷകള്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 15ആണ് അവസാന തീയതി. 30,000 ഇ-റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് ലൈസന്‍സ് ഇതുവരെ നല്കിയിരിക്കുന്നതും. എന്നാല്‍ നഗരത്തിലെ ഇടവഴികളിലൂടെ അനുമതിയില്ലാതെ സഞ്ചരിക്കുന്ന ഇ-റിക്ഷകള്‍ ആയിരക്കണക്കിനാണ്.
പുതിയ ബസ്സുകള്‍ വാങ്ങാനുള്ള ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനവും മുന്നോട്ടുപോയിട്ടില്ല. ലോഫ്ളോര്‍ ബസ്സുകള്‍ക്ക് പകരം ചെറിയ ബസ്സുകള്‍ ഓടിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങുന്നത് വൈകാന്‍ കാരണം. ബസ്സുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവും പ്രാവര്‍ത്തികമായിട്ടില്ല.
ദ്വാരകയിലെ ജലശുചീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ സജ്ജമാകുന്നതോടെ ജലവിതരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതും ഓടശുചീകരണവും താറുമാറായി തുടരുകയാണ്.
അഴിമതി തടയാന്‍ 1031 എന്ന ഫോണ്‍ നമ്പര്‍ നല്കിയതുള്പ്പെടെയുള്ള ഭരണനേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ ഇന്ന് കേജ്രിവാളും മന്ത്രിസഭാംഗങ്ങളും യോഗംചേരും. ദല്‍ഹിയെ അഴിമതിരഹിത സംസ്ഥാനമായി മാറ്റിയെന്ന പ്രഖ്യാപനവും കേജ്രിവാള് സമ്മേളനത്തില്‍ നടത്തിയേക്കും.
്
















