ലഖ്നൗ:ഭീകരതക്കെതിരായുള്ള പോരാട്ടത്തെ സഹായിക്കുന്ന നിലപാട് പാക്കിസ്ഥാന് ശക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഭാരതത്തിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ അറിയാം ഭീകരതയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന്.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ പാക്കിസ്ഥാന് നടത്തിയ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ്.
പാക്കിസ്ഥാന്റെ ഭീകരതയെക്കുറിച്ച് പരീക്കര്‍ പറഞ്ഞത് മുള്ളിനെ മുള്ളുകൊണ്ട് എടുക്കണമെന്ന് ഉദ്യേശിച്ചായിരുന്നു. പാക്കിസ്ഥാന് വന്‍തോതില്‍ കള്ളനോട്ടുകള്‍ ഭാരതത്തില്‍ വിതരണം ചെയ്യുന്നത് ഭീകരതയെ സഹായിക്കുവാനാണെന്ന് എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്റ കണ്‍വെന്‍ഷനില്‍ രാജ്നാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണം. ഭീകരതക്കെതിരായി ഭാരതം എല്ലാതരത്തിലുള്ള നടപടികള്‍ കൈകൊള്ളുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ബാങ്കുകള്‍.15 കോടി കുടുംബങ്ങളെ ജന്‍ധന്‍ യോജനയില്‍ ചേര്ക്കുവാനായതിനെ ബാങ്കുകളെ രാജ്നാഥ് അഭിനന്ദിച്ചു.
ഇതിനിടയില്‍ മുംബൈ ബോംബുസ്ഫോടന പരമ്പരകളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം, കൊടുംഭീകരന്മാരായ ഹാഫീസ് സയ്യിദ്, സക്കീര്‍ റഹ്മാന് ലഖ്വി എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുവാന്‍ പാക്കിസ്ഥാനോട് ഭാരതം ആവശ്യപ്പെടുമെന്നറിയുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യമെന്ന നിലയില്‍ പാക്കിസ്ഥാന് ഇക്കാര്യം തള്ളിക്കളയുവാനാവില്ലെന്നാണ് കണക്കുകൂട്ടല്‍.
യുഎന്‍ രക്ഷാകൗണ്‍സില്‍ പാസ്സാക്കിയ പ്രമേയങ്ങളനുസരിച്ച് അല്‍ക്വയ്ദയും താലിബാനുമയി ബന്ധപ്പെട്ട ഭീകരരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും അവരുടെ യാത്രകള്‍ തടയുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് അംഗരാജ്യങ്ങളുടെ കടമയാണ്. ഈ ഭീകരന്മാരുടെ പേരുകള്‍ യുഎന്റെ ലിസ്റ്റില്‍ ഉല്പ്പെട്ടിട്ടുള്ളതാണ്.
ദാവൂദും മറ്റ് രണ്ട് കൊടും ഭീകരന്മാരും പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
















