പാട്ന:ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജെഡി(യു) ആര്‍ജെഡി സഖ്യത്തില്‍ അഭിപ്രായവ്യത്യാസം. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമെന്നാണ് ജനതാദള്‍ യുനൈറ്റഡ് ജനതാപരിവാര്‍ സഖ്യത്തോട് അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ആര്‍ജെഡി സഖ്യം രേഖപ്പെടുത്തിയത്.
രാഷ്ട്രീയ ജനാതാദള്‍ (ആര്‍ജെഡി), ജനതാദള്‍ (യുനൈറ്റഡ്) എന്നീ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ടും ദല്‍ഹിയില്‍ ലാലുവിന്റെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കാതിരുന്നതില്‍ ആര്‍ജെഡി കനത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മുലായം സിങ്ങിന്റെ സമാജ്വാദി പാര്‍ട്ടിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നുവരുന്നതാണ് നീതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാന്‍ ആര്‍ജെഡിയുടെ മുഖ്യകാരണമെന്നാണ് സുചന.
ഇതുമായി ബന്ധപ്പെട്ട് എസ്പി നേതാവ് രാംഗോപാല്‍ വര്‍മ്മയും ലാലുപ്രസാദ് യാദവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.രാഷ്ട്രീയ ജനതാദളിന്റെ പരമ്പരാഗത വോട്ടര്‍മാരാണ് യാദവര്‍. അവരുടെ എതിര്‍പ്പിനെ അവഗണിച്ച് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് അറിയിച്ചു.
















