ന്യൂദല്‍ഹി:ദല്‍ഹിയിലെ സ്മാരകള്‍ക്കും പൈതൃകങ്ങള്ക്കും യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നത് വിനോദസഞ്ചാര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. ദല്‍ഹിയിലെ പൈതൃക സ്മാരകങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൈതൃകപ്പട്ടിക സഹായിക്കുമെന്നും ഹെറിറ്റേജ് കമ്മിറ്റി അംഗം വര്‍തിക ശര്‍മ്മ പറഞ്ഞു. ദല്‍ഹിയില്‍ സാമാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിലാണ് ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.
യുനെസ്കോ പൈതൃക പട്ടികയിലേക്കുള്ള നാമനിര്ദ്ദേശനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വര്‍തിക ശര്‍മ്മ. യുനെസ്കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതോടെ സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. ഇത് സംസ്ഥാനത്തിന്റെ വരുമാനത്തിലും വളര്‍ച്ചയുണ്ടാക്കും. എന്നാല്‍ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ദല്‍ഹിക്ക് ഇടംനേടാന്‍ സാധിക്കാത്തതില്‍ നിരാശയും ദുഖവുമുളവാക്കിയതായും അവര്‍ പറഞ്ഞു.
അതേസമയം, ദല്‍ഹി പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത് തലസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.
യുനെസ്കോ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചാല്‍ അവിടെ നിര്‍മ്മാണവും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കില്ലെന്ന വിചാരം തെറ്റാണെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് (ഐഎന്ടിഎസിഎച്) ദല്‍ഹി കണ്‍വീനര്‍ എ. ജി. കെ. മേനോന് അറിയിച്ചു. ഈ പട്ടികയില്‍ ഉള്പെട്ടിട്ടുള്ള റോം,പാരീസ്,എഡിന്‍ബറോ എന്നിവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലേ. പൈതൃക നഗരമാക്കിയതിനുശേഷവും അവിടെ വികസനവും കെട്ടിടനിര്‍മ്മാണവും നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തലസ്ഥാനത്ത് ചിരാഗ് ദല്‍ഹി, മഹ്റൗളി, ബദര്‍പൂര്‍ തുടങ്ങി ഒട്ടനവധി പൈതൃക സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെ സംരക്ഷിക്കുന്നതിനായി പ്രത്യക നിയമവ്യവസ്ഥ രാജ്യത്തില്ലെന്നും സൗത്ത് ദല്‍ഹി മേയര്‍ സുഭാഷ് ആര്യ അഭിപ്രായപ്പെട്ടു. പൈതൃക പട്ടികയില്‍ ഇടംപിടിച്ചാല്‍ അതിന്റെ സുരക്ഷയും ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ ദല്‍ഹിയെ യുനെസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
















