പാരീസ്: സീസണിലെ രണ്ടാം ഗ്രാന്റ് സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. പുരുഷവിഭാഗത്തില്‍ ഒമ്പതുവട്ടം ജേതാവായ സ്പാനിഷ് ക്ലേ കിങ് റാഫേല്‍ നദാലിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. റൊളാങ് ഗൊരോസില് റാഫ പത്താം കിരീടം ഉയര്‍ത്തുമോ അതോ ഒരു പുതു ചാമ്പ്യന്‍ പിറക്കുമോ?. ആരാധകരും കളിവിദഗ്ധരും സാകൂതം അതിനു ത്തരം തേടുന്നു.
പരിക്കും ഫോമില്ലായ്മയും അലട്ടുന്ന റാഫ ഇക്കുറി തന്റെ ഇഷ്ടപ്രതലത്തില്‍ വഴുതിവീഴുമെന്നാണ് ഭൂരിഭാഗം പേരുടെയും കണക്കുകൂട്ടല്‍. ഫ്രഞ്ച് ഓപ്പണിനു മുന്നോടിയായുള്ള ക്ലേ കോര്‍ട്ട് ടൂര്‍ണമെന്റുകളില്‍ ഒന്നില്‍പ്പോലും ജയിക്കാനാവാത്ത നദാല്‍ ഏറെ ദുര്‍ബലനായിരിക്കുന്നു. ലോക ഒന്നാം നമ്പര്‍ നൊവാക് ഡോക്കോവിച്ചും സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറെയുമെല്ലാം റാഫയുടെ താളംതെറ്റല്‍ മുതലെടുക്കാനുള്ള വ്യഗ്രതയിലാണ്.
ഡോക്കോയും മുറെയും കളിമണ്‍ പ്രതലത്തില്‍ സമീപകാലത്ത് ചില നേട്ടങ്ങള്‍ കൊയ്യുകയുമുണ്ടായി. അതിനാല്‍ത്തന്നെ നദാലിനെ സിംഹാസനത്തില്‍ നിന്ന് താഴെയിറക്കാന്‍ ഏറെ സാധ്യത കല്പ്പിക്കപ്പെടുന്നവരും ഇവര്‍ തന്നെ. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച്, ജപ്പാന്റെ കെയ് നിഷികോരി, സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക, സ്പാനിഷ് വെറ്ററന്‍ ഡേവിഡ് ഫെറര്‍, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, ബള്‍ഗേറിയന്‍ പ്രതിഭ ഗ്രിഗോര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ സാന്നിധ്യം മാരിന് സിലിച്ച് എന്നിവരെയും എഴുതിത്തള്ളാന്‍ പറ്റില്ല. ഡോക്കോവിച്ചാണ് ഒന്നാം സീഡ്. ക്വാര്‍ട്ടറില്‍ നദാലും ഡോക്കോയും നേര്‍ക്കുനേര്‍ വരുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഡ്രോ.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ റഷ്യയുടെ മരിയ ഷറപ്പോവയും ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസും കിരീടപ്പോരാട്ടത്തിന്റെ അമരത്തുണ്ട്. ഇവര്‍ക്കു പ്രധാന വെല്ലുവിളി ഉയര്‍ത്തുക റൊമാനിയയുടെ സിമോണെ ഹാലെപ്പും. മുന്‍ ലോക ഒന്നാം നമ്പര്‍ ഡെന്മാര്ക്കിന്റെ കരോലിന വൊസ്നിയാക്കി, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡ്, സെര്‍ബിയന്‍ സുന്ദരി അനാ ഇവാനോവിച്ച് തുടങ്ങിയവരും വമ്പത്തികളാണ്. സ്പാനിഷ് പ്രതിനിധി കാര്‍ല സുവാരസ് നാവോരോയും അട്ടിമറികള്‍ക്ക് ശേഷിയുള്ള താരം തന്നെ.
















