ലാഹോര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മുന്‍ പേസര്‍ ഷൊയ്ബ് അക്തറിന് 70 ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി ലാഹോര്‍ ഹൈക്കോടതി തള്ളി. താരത്തിന്റെ റിട്ട് ഹര്‍ജി പരിഗണിച്ചാണ് നടപടി. അക്തറിനെ ശിക്ഷിക്കാന്‍ പിസിബിക്ക് അധികാരമില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പിസിബിയുടെ ശിക്ഷയ്‌ക്ക് നിയമസാധുതയില്ലെന്നും കോടതി പറഞ്ഞു.
2008 ജൂണിലാണ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ അക്തറിനെ പിസിബി ശിക്ഷിച്ചത്. വിലക്ക് പിന്നീട് 18 മാസമായി കുറച്ചിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുന്ന സമയത്ത് പിസിബിയുമായി അക്തറിന് കരാറൊന്നുമുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
2007 ഡിസംബറില്‍ ബോര്‍ഡും താരവും തമ്മിലെ കരാറിന്റെ കാലാവധി കഴിഞ്ഞെന്നും പിന്നീട് പുതുക്കി നല്‍കിയില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് അക്തറിനെ ശിക്ഷിക്കാന്‍ പിസിബിക്ക് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വേഗതയുള്ള ബൗളര്‍മാരിലൊരാളായ അക്തര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ബോര്‍ഡിന് നിരന്തരം തലവേദന സൃഷ്ടിച്ച താരമാണ്. പരമ്പരകള്‍ക്കിടയിലെ പെരുമാറ്റച്ചട്ട ലംഘനം, പന്ത് ചുരണ്ടല്‍, അശ്ലീല പദപ്രയോഗം, നിരോധിത മരുന്നുപയോഗം, പരിശീലന ക്യാംപില്‍ നിന്ന് മുങ്ങല്‍ അങ്ങനെ പോകുന്നു അക്തറിന്റെ കുരുത്തക്കേടുകള്‍.
സിംബാബ്‌വെയില്‍വെച്ച് കാണികള്‍ക്കു നേരെ കുപ്പിയെറിഞ്ഞതും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ സഹതാരം മുഹമ്മദ് ആസിഫിനെ ബാറ്റുകൊണ്ടടിച്ചതും അക്തറിന്റെ മോശം പ്രവൃത്തികളില്‍പ്പെടുന്നു. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരില്‍ രണ്ടുവട്ടം അക്തറിനെ ഐസിസി വിലക്കിയിട്ടുമുണ്ട്.
















