ന്യൂദല്‍ഹി: സാങ്കേതിക വിദ്യയാണ് ശക്തിയെന്നും യുവാക്കള്‍ ഏതു പ്രവൃത്തിചെയ്താലും മാറ്റത്തിന്റെ വാഹകരായിരിക്കണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. രാഷ്ട്രപതിഭവനില്‍ നടന്ന പ്രത്യേക കോഴ്സില്‍ പങ്കെടുത്ത 19 എന്‍ഐടി വിദ്യാര്‍ത്ഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം.
വികാസമാണ് ജീവിതം, സങ്കോചം മരണവുമെന്ന സ്വാമി വിവേകാനന്ദന്റെ വാക്യങ്ങള്‍ ഉദ്ധരിച്ച രാഷ്ട്രപതി ഒരിക്കലും നിര്‍ത്താതെ മുന്നോട്ടുതന്നെ പോകണമെന്നുപദേശിച്ചു.
മൂല്യവത്തായ സാങ്കേതിക-ശാസ്ത്ര വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ നമ്മുടെ എന്‍ഐടികള്‍ എന്നും മുമ്പില്‍ നില്ക്കുന്നു. ഈ നേട്ടം സ്വാശ്രയത്വത്തിലൂടെ നേടിയതാണ്. വിദേശ സഹായങ്ങളില്ലാത്തതാണെന്ന കാര്യം അതിന്റെ മാറ്റു കൂട്ടുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
എന്‍ഐടി വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സ്വത്താണ്. അതുകൊണ്ടുതന്നെ അവരില്‍നിന്ന് ഏറെ പ്രതീക്ഷിക്കുന്നു. അവര്‍ക്കു കിട്ടുന്ന വിദ്യാഭ്യസം കൊണ്ട് സങ്കല്പ്പിക്കാന് മാത്രമല്ല, അവ സാര്‍ത്ഥകമാക്കാനും കഴിയുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
















