ന്യൂദല്‍ഹി: നിയമവിരുദ്ധമായി പാര്‍ലമെന്റ് സെക്രട്ടറി തസ്തിക.യിലേക്ക് നിയമനം നടത്തിയെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയും ആപ് നേതാവുമായ കേജ്‌രിവാള്‍ ഭരണഘടനാവിരുദ്ധമായി 21 പാര്‍ലമെന്റ് സെക്രട്ടറിമാരെ നിയമിച്ചതായി രാഷ്‌ട്രീയ മുക്തി മോര്‍ച്ച സംഘടന ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
കേസ് വീണ്ടും പരിഗണിക്കുന്ന ജൂണ്‍ ഒന്നിന് വിചാരണയ്‌ക്കായി ഹാജരാകാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമനം നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 13നാണ് 21 സെക്രട്ടറിമാരെ നിയമിച്ചുകൊണ്ട് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടത്. അനധികൃത നിയമനം നേടിയിട്ടുള്ള ഈ സെക്രട്ടറിമാര്‍ ഔദ്യോഗിക വസതിയും വാഹനവും ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ നികുതി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.
പാര്‍ലമെന്റ് സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്താന്‍ മുഖ്യമന്ത്രിയ്‌ക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായാണ് 21 പാര്‍ലമെന്റ് സെക്രട്ടറിമാരെ നിയമിക്കുന്നതെന്ന് എഎപി സര്‍ക്കാര്‍ അറിയിച്ചു.
















