മുംബൈ: ട്വന്റി20 കളിക്കാന്‍വേണ്ടി താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിനെ ഉപേക്ഷിക്കുകയാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗ്യാരി സോബേഴ്സ്. ടെസ്റ്റിന് നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുമെന്നും അദ്ദേഹം. ഒരു പ്രമുഖ ദിനപത്രത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് സോബേഴ്സിന്റെ വിലയിരുത്തല്‍.
ടെസ്റ്റിന് നഷ്ടങ്ങള്‍ താങ്ങേണ്ടിവരുമെന്ന് ഉറപ്പായും കരുതുന്നു. കളിക്കാര്‍ ട്വന്റി20ക്കായി ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. ഒരുതരത്തില്‍ നോക്കിയാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല. കാര്യങ്ങളൊക്കെ മാറിപ്പോയി. ട്വന്റി20 ഇല്ലാതിരുന്നെങ്കില്‍ ഒരുപാട് കളിക്കാര്‍ ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചേനെ, സോബേഴ്സ് പറഞ്ഞു.
എനിക്ക് ട്വന്റി20 കളിക്കാന്‍ കഴിയുമായിരുന്നോയെന്ന് പറയാന്‍ സാധിക്കില്ല. ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. അതും അധികമൊന്നുമില്ല. ട്വന്റി20യില്‍ മികവു കാട്ടുമായിരുന്നോ ഇല്ലയോ എന്നു പറയുക പ്രയാസകരം. ഇതൊരു വ്യത്യസ്ത തരത്തിലെ ക്രിക്കറ്റാണ്.
ടെസ്റ്റിന് വളരെയേറെ പ്രാധാന്യമുണ്ട്. രണ്ടിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്റെ വോട്ട് ടെസ്റ്റിന് തന്നെ. കാരണം ടെസ്റ്റില്‍ നിന്നും മോശമല്ലാത്ത വരുമാനം ലഭിക്കും, സോബേഴ്സ് ചൂണ്ടിക്കാട്ടി.
കുട്ടിക്രിക്കറ്റ് കളിച്ചാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുംപോയി കാശുണ്ടാക്കം. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്… അങ്ങനെ എവിടെ വേണമെങ്കിലും കളിക്കാം. കാരണം വ്യത്യസ്ത സമയങ്ങളിലാണ് ട്വന്റി20 ലീഗുകള്‍ അരങ്ങേറുന്നത്. സ്വാഭാവികമായും ടെസ്റ്റില്‍ ലഭിക്കുന്നതിനെക്കാളും വരുമാനമുണ്ടാവും.
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സ്വാധീനം വിലയിരുത്താനുള്ള സമയമായിട്ടില്ല. തുടങ്ങിയിട്ടേയുള്ളു. കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ അതിനു സാധിച്ചിട്ടുണ്ട്. ഇതുവരെ ക്രിക്കറ്റ് കാണാത്തവരും ട്വന്റി 20 വീക്ഷിക്കുന്നുണ്ടെന്നും സിപിഎല്ലിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സോബേഴ്സ് കൂട്ടിച്ചേര്‍ത്തു.
















