മുംബൈ: ടോസ് ജയിക്കുക, മികച്ച സ്കോര്‍ ഉയര്‍ത്തുക. പിന്നെ എതിരാളിയെ വരിഞ്ഞുമുറുക്കി ജയത്തിലെത്തുക, ക്രിക്കറ്റിലെ തികച്ചും അടിസ്ഥാന കാര്യങ്ങള്‍ പിഴവില്ലാതെ നിര്‍വ്വഹിച്ച മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനല്‍ ഉറപ്പിച്ചു. വാംഖഡെയിലെ വാശിപ്പോരില്‍ മുംബൈ മറികടന്നത് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വെല്ലുവിളിയെ, 25 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 6ന് 187 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. സൂപ്പര്‍ കിങ്സിന്റെ മറുപടി 19 ഓവറില്‍ 162ല്‍ അവസാനിച്ചു.
തികച്ചും അര്‍ഹിച്ച ജയം തന്നെയായിരുന്നു ഇന്ത്യന്‍ സ്വന്തമാക്കിയത്. കളിയുടെ ഒരുഘട്ടത്തിലും അവര്‍ സൂപ്പര്‍ കിങ്സിനെ മേല്‍ക്കൈ നേടാന്‍ അനുവദിച്ചില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുംബൈ എതിരാളിയെ വെള്ളംകുടിപ്പിച്ചു. തുടക്കത്തില്‍ ഫാഫ് ഡു പ്ലെസിസും (45) അന്ത്യസമയത്ത് ആര്. അശ്വിനും (12 പന്തില്‍ 23) നടത്തിയ വെടിക്കെട്ടുകളൊഴിച്ചാല് ചെന്നൈയ്ക്ക് നല്ല ഓര്‍മ്മകളൊന്നും ലഭിച്ചില്ല. അപകടകാരികളായ സുരേഷ് റെയ്നയെയും (25) ചെന്നൈ നായകന് എം.എസ്. ധോണിയെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ഹര്ഭജന് സിങ് സൂപ്പര്‍ കിങ്സിനെ ഏറെ പിന്നോട്ടടിച്ചു.
മൂന്നു വിക്കറ്റ് പിഴുത ലങ്കന്‍ പേസര്‍ ലാസിത് മലിംഗയും മുംബൈയ്ക്കുവേണ്ടി കസറി. ഡ്വെയ്ന്‍ സ്മിത്തും (0) മൈക്ക് ഹസിയും (16) വീണശേഷം ഡുപ്ലെസിസ്- റെയ്ന സഖ്യം ചെന്നൈയെ കാര്യമായ പരിക്കില്ലാതെ മുന്നോട്ടുകൊണ്ടുപോയി. പക്ഷേ, പെട്ടെന്നുള്ള തകര്‍ച്ച അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. തുറുപ്പുചീട്ട് ഡ്വെയ്ന്‍ ബ്രാവോയെ (20) പാര്‍ഥിപ് പട്ടേല്‍ റണ്ണൗട്ടാക്കിയത് ചെന്നൈയുടെ അവശേഷിച്ച പ്രതീക്ഷകളെയും ഇല്ലാതാക്കി.
മുംബൈ ബാറ്റ്സ്മാന്മാരുടെ പ്രകടനവും ഏറെ പ്രശംസനീയം. അശ്വിനും ആശിഷ് നെഹ്റയും തിളങ്ങിയ തുടക്കത്തില്‍ കുറച്ചു പന്തുകള്‍ പാഴാക്കിയെങ്കിലും ലെന്‍ഡല്‍ സിമ്മണ്‍സ് (65) കത്തിക്കയറി. രണ്ടുതവണ അശ്വിനെ സിക്സറിനു പറത്തിയാണ് സിമ്മണ്‍സ് ഫോമിലേക്കുയര്‍ന്നത്. പാര്ഥിപും (35) മോശമാക്കിയില്ല. 17 പന്തില്‍ 5 സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സ് വാരിയ കെയ്റോണ്‍ പൊള്ളാര്‍ഡിന്റെ മിന്നലടിയാണ് മുംബൈ സ്കോറിന് റോക്കറ്റ് വേഗമേകിയത്. പൊള്ളാര്‍ഡ് തന്നെ കളിയിലെ കേമനും. തോറ്റെങ്കിലും ഫൈനലിലെത്താന്‍ ചെന്നൈയ്ക്ക് ഒരവസരമുണ്ട്. നാളത്തെ ക്വാളിഫയര്‍ രണ്ടില്‍ ജയിച്ചാല്‍ മതിയാവും അവര്‍ക്ക്.
















