ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. കഴിഞ്ഞ നാലു ദിവസത്തിനിടെ കേജ്‌രിവാള്‍ നടത്തിയ ഉദ്യോഗസ്ഥ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും എല്ലാം ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് റദ്ദാക്കി. ഇതിനുള്ള അധികാരം തനിക്കാണെന്നും ജങ്ങ് കേജ്‌രിവാളിനോട് പറഞ്ഞു. ഇവര്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതിനും കുറ്റം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വച്ചിരിക്കുകയാണ് കേജ്‌രിവാള്‍.
ഗവര്‍ണ്ണര്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഭരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആപ്പ് മേധാവി കൂടിയായ മുഖ്യമന്ത്രി കേജ്‌രിവാളിന്റെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റക്കാര്യത്തില്‍ ദല്‍ഹി സര്‍ക്കാരുമായി കൂടിയാലോചിക്കുന്നില്ലെന്നാണ് കേജ്‌രിവാള്‍ കത്തില്‍ പറയുന്നത്.
ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വഴി ദല്‍ഹി ഭരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കത്തില്‍ ആരോപിക്കുന്നു.
അതിനിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. അതില്‍ വിവാദഉദ്യോഗസ്ഥയെയും പങ്കെടുപ്പിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റീസായി ശകുന്തള ഗാംലിനെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നിയമിച്ചതാണ് വിവാദമായിരുന്നത്. ഇതേത്തുടര്‍ന്ന് കേജ്‌രിവാള്‍ അവരുടെ മുറി പൂട്ടിയിടുക വരെ ചെയ്തിരുന്നു.
ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുന്നത് വലിയ പ്രശ്‌നമായിട്ടുമുണ്ട്. പലരും ഫയലുകളില്‍ തീരുമാനമെടുക്കാന്‍ പോലും ഭയപ്പെടുകയാണ്. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷന് അനുമതി ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കവും നടപടികളും ഭരണത്തെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞു.കുറഞ്ഞത് 45 ഉദ്യോഗസ്ഥരെങ്കിലും അവധിയപേക്ഷ നല്‍കിക്കഴിഞ്ഞു. ഇവരില്‍ ആറു പേര്‍ അവധിയെടുത്തു കഴിഞ്ഞു.
ചീഫ് സെക്രട്ടറി കെകെ ശര്‍മ്മ മെയ് 14ന് അമേരിക്കയ്‌ക്ക് പോയതാണ്. മെയ് 24 വരെ അദ്ദേഹം അവധി നീട്ടി.
ചൊവ്വാഴ്ച കേജ്‌രിവാളും ഗവര്‍ണ്ണറും രാഷ്‌ട്രപതിയെ വരെ കണ്ടിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ഉത്തരവു നല്‍കുകയാണെന്നും ഭരണത്തില്‍ ഇടപെടുകയാണെന്നുമാണ് മനീഷ് സിസോദിയയുടെ ആരോപണം. അതിനിടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് കേജ്‌രിവാള്‍ സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം തേടി.
സുപ്രീംകോടതി അഭിഭാഷകരായ രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിംങ് എന്നിവരോടാണ് അധികാര പരിധി സംബന്ധിച്ച് ആരാഞ്ഞിരിക്കുന്നത്.
















