മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ താനെയിലുള്ള നഴ്സിങ് സ്കൂളിന് അരുണ ഷാന്ബാഗിന്റെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. അരുണയുടെ ആത്മാവിന് അന്ത്യപ്രണാമം. ആദരസൂചകമായി താനെയിലെ നഴ്സിങ് സ്കൂളിന് അരുണയുടെ പേരു നല്‍കും- ഫഡ്നവിസ് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് അരുണ മരിച്ചത്. ഇതേ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന അരുണയെ ആശുപത്രിയിലെ പ്യൂണ്‍ സോഹന്‍ലാല്‍ വാല്മീകി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 1973ലായിരുന്നു സംഭവം. അന്നു മുതല്‍ മരണത്തോട് മല്ലിട്ട് ആശുപത്രി വാര്‍ഡില്‍ നരകതുല്യമായി ജീവിക്കുകയായിരുന്നു അരുണ. ദയാവധം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
അതേസമയം, അരുണ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാര്‍ഡ് അവരുടെ പേരില്‍ സ്മാരകമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇവരെ ചികിത്സിച്ച നഴ്സുമാരും മറ്റുമാണ് ആവശ്യവുമായി രംഗത്തുള്ളത്. ആവശ്യം ആശുപത്രി മാനേജമെന്റിനെയും അറിയിച്ചിട്ടുണ്ട്.
















