പൂനെ: ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്ററിന്റെ ചൂട്. പൂനെയില്‍ പോരടിക്കുന്നത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന് റോയല്‍സും. തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാം ക്വാളിഫയര്‍ കളിക്കാം. രാത്രി എട്ടിനാണ് മത്സരം.
വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സിന് നേരിയ മുന്‍തൂക്കമുണ്ടെന്നു പറയാം. ക്രിസ് ഗെയ്ലും എബി ഡിവില്ലിയേഴ്സും ഉള്‍പ്പെട്ട അവരുടെ ബാറ്റിങ് ലൈനപ്പ് ഏറെ ശക്തം. ഓസീസ് പേസ് ബാറ്ററി മിച്ചല്‍ സ്റ്റാര്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പന്തേറുകാരും അപാരഫോമില്‍.
എങ്കിലും ടൂര്‍ണമെന്റിന്റെ അന്ത്യഘട്ടത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച റോയല്‍സിനെ എഴുതിത്തള്ളാന്‍ കഴിയില്ല.
സ്റ്റീവന്‍ സ്മിത്ത്, ഷെയ്ന് വാട്സന്, അജിന്‍ക്യ രഹാനെ, സഞ്ജു വി. സാംസണ് തുടങ്ങിയവരെല്ലാം ഏതു ബൗളര്‍മാരും ഭയക്കും. ക്രിസ് മോറീസിന്റെയും ജെയിംസ് ഫാല്ക്നറുടെയും ബൗളിംഗും റോയല്‍സിന്റെ പ്ലസ് പോയിന്റുകളില്പ്പെടുന്നു.
















