മുംബൈ: ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍നിന്ന് ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കാന്‍ ശുപാര്‍ശ. അവസാന പത്ത് ഓവറുകളില്‍ സര്‍ക്കിളിനു പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ അനുവദിക്കാനും, ഏകദിന-ട്വന്റി20 മത്സരങ്ങളില്‍ എല്ലാ നോബോളുകള്‍ക്കും ഫ്രീ ഹിറ്റ് അനുവദിക്കാനും മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി ശുപാര്‍ശ നല്കി.
കഴിഞ്ഞയാഴ്ച മുംബൈയില്‍ യോഗം ചേര്‍ന്നാണ് കമ്മിറ്റി തീരുമാനമെടുത്തത്. ജൂണ്‍ 22 മുതല്‍ 26 വരെ ബാര്‍ബഡോസില്‍ ചേരുന്ന ഐസിസി വാര്‍ഷിക പൊതുയോഗത്തിനിടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചാല്‍ നിയമമാകും.
ഏകദിന മത്സരങ്ങളിലെ നിയമങ്ങള്‍ ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമാകുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് നിയമ മാറ്റത്തിന് ക്രിക്കറ്റ് കമ്മിറ്റി തയാറായത്. ശുപാര്‍ശ പ്രകാരം ആദ്യ പത്ത് ഓവറിലെ പവര്‍ പ്ലേ തുടരും. ഈ ഓവറുകളില്‍ രണ്ട് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്തുണ്ടാകും.
അടുത്ത 30 ഓവറില്‍ നാലു ഫീല്‍ഡര്‍മാരും, അവസാന പത്ത് ഓവറില്‍ അഞ്ചു പേരെയും സര്‍ക്കിളിനു പുറത്ത് നിയോഗിക്കാം. പവര്‍ പ്ലേ ഓവറുകളില്‍ രണ്ട് ഫീല്‍ഡര്‍മാരെ ക്യാച്ചിങ് പൊസിഷനുകളില്‍ നിയോഗിക്കണമെന്നതില്‍ ഇളവു വേണമെന്നും ശുപാര്‍ശ.
നിലവില്‍ ഫ്രണ്ട് ഫുട്ട് നോബാളുകള്ക്കു മാത്രമുള്ള ഫ്രീ ഹിറ്റ്, എല്ലാത്തരും നോബോളുകള്‍ക്കും അനുവദിക്കാമെന്നും നിര്‍ദേശം.
ബാറ്റുകളുടെ ഭാരം ക്രമീകരിക്കണമെന്ന കാര്യവും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കണമെന്ന ആവശ്യം ക്രിക്കറ്റ് കമ്മിറ്റി തള്ളി.
















