ലാസ് വെഗാസ്: ലോകം നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വാഴ്‌ത്തിയ മുഷ്ടിയുദ്ധം കോടതി കയറുന്നു. മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയ ഫ്‌ളോയ്ഡ് മെയ്‌വെതര്‍- മാനി പക്വിയാവോ ബോക്‌സിങ് മത്സരം വെറും തട്ടിപ്പാണെന്ന് ആരാധകര്‍.
ടിക്കറ്റ് കാശ് മടക്കി നല്‍കണമെന്ന ആവശ്യവുമായി ചില വ്യക്തികളും സ്ഥാപനങ്ങളും രംഗത്തെത്തി. ഏകദേശം 32 പരാതികള്‍ അമേരിക്കയില്‍ ഫയല്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. അവയില്‍ കേസെടുക്കുന്ന കാര്യത്തില്‍ ഫെഡറല്‍ ജഡ്ജിമാരുടെ പാനല്‍ ഉടന്‍ നിലപാട് വ്യക്തമാക്കും. മത്സരത്തിന് മുന്‍പ് തോളിലെ പരിക്കിനെപ്പറ്റി പക്വിയാവോ വെളിപ്പെടുത്തണമായിരുന്നെന്ന് മിക്കവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘നൂറ്റാണ്ടിന്റ പോരാട്ടമല്ല. നൂറ്റാണ്ടിന്റെ തട്ടിപ്പാണത്, ഒരു പരാതിയില്‍ പറയുന്നു. ആ ഏറ്റുമുട്ടല്‍ പറഞ്ഞയത്ര മഹനീയമായിരുന്നില്ല. ബോറടിപ്പിച്ചു. വേഗവുമുണ്ടായിരുന്നില്ല. സംഘടിതമായ പണംതട്ടല്‍, ടെക്‌സാസില്‍ സമര്‍പ്പിക്കപ്പെട്ട മറ്റൊരു പരാതിയിലെ ആരോപണം ഇങ്ങനെ പോകുന്നു.
‘പണം തട്ടിയെടുക്കാന്‍ വേണ്ടിമാത്രം’- കാലിഫോര്‍ണിയയിലെ ലാക്‌സ് വിമാനത്താവളത്തിനു സമീപത്തെ ഫ്‌ളൈറ്റ്‌സ് ബിയര്‍ ബാര്‍ അധികൃതര്‍ കുറ്റപ്പെടുത്തി. മത്സരം സംപ്രേക്ഷണം ചെയ്യുന്നതിന് ഫ്‌ളൈറ്റ്‌സ് 2600 ഡോളര്‍ ചെലവിടുകയുണ്ടായി.
മെയ് രണ്ടിന് ലാസ്‌വെഗാസിലെ എംജിഎം ഗ്രാന്റ് ഗാര്‍ഡന്‍ അരേനയിലാണ് അമേരിക്കന്‍ ബോക്‌സര്‍ മെയ്‌വെതര്‍ ഫിലിപ്പൈന്‍സുകാരനായ പക്വിയാവോയെ നേരിട്ടത്. 12 റൗണ്ടുകള്‍ക്കുശേഷം മെയ് വെതറെ വിജയിയായി പ്രഖ്യാപിച്ചു.
ഇരുവര്‍ക്കും 100 ദശലക്ഷം ഡോളറിലേറെ പ്രതിഫലം ലഭിച്ചു. എച്ച്ബിഒ ചാനല്‍ നേടിയെടുത്തത് 400 ദശലക്ഷം ഡോളറിലധികവും. 44 ലക്ഷംപേര്‍ 100 ഡോളര്‍ വീതം മുന്‍കൂര്‍ നല്‍കി ടെലിവിഷനില്‍ മത്സരം വീക്ഷിച്ചു.
















