ലണ്ടന്‍: ലീഗ് കിരീടം ഉയര്‍ത്തുന്നതോടെ തുടങ്ങുമോ കഷ്ടകാലം. ജര്‍മ്മനിയില്‍ ബുണ്ടെസ് ലീഗ് ചാമ്പ്യന്‍മാരായശേഷമുള്ള മൂന്നു കളികളില്‍ ബയേണ്‍ മ്യൂണിച്ചിന് തോല്‍വി വഴങ്ങാനായിരുന്നു വിധി. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ചെല്‍സിക്കു ഏറെക്കുറെ സമാന ഗതി വന്നിരിക്കുന്നു.
പ്രീമിയര്‍ ലീഗ് ജേതാക്കളെന്ന പകിട്ടുമായി വെസ്റ്റ് ബ്രോമിന്റെ കളത്തില്‍ പന്തടിക്കാന്‍ ചെന്ന ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റമ്പി. സെയ്‌ദോ ബെരാഹിനോയും (2) ക്രിസ് ബ്രന്റും വെസ്റ്റ് ബ്രോമിന്റെ ഗോള്‍ വേട്ടക്കാര്‍. സൂപ്പര്‍ താരം സെസ്‌ക് ഫാബ്രെഗസ് ചുവപ്പുകാര്‍ഡ് കണ്ടുമടങ്ങിയതും നീലപ്പടയുടെ ദുര്‍വിധികളില്‍പ്പെട്ടു.
പ്രതിയോഗിയുടെ പാളയത്തില്‍ ചെല്‍സി പ്രതീക്ഷാനിര്‍ഭരമായ ആരംഭമാണിട്ടത്. രണ്ടു പ്രതിരോധഭടന്‍മാരെ വെട്ടിച്ച ഫാബ്രെഗസ് ബോക്‌സിനുള്ളില്‍ കയറിയെങ്കിലും ഷോട്ട് പാളിപ്പോയി. പക്ഷേ, പിന്നീട് ചെല്‍സിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതാണ് കണ്ടത്. 9-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയ്‌ക്കരുകില്‍ നിന്ന് വളഞ്ഞൊരു ഷോട്ടിലൂടെ ബെരാഹിനോ വെസ്റ്റ് ബ്രോമിന് ആധിപത്യം ഒരുക്കി (1-0). അധികം വൈകാതെ ഫാബ്രെഗസ് അനാവശ്യമായി റെഡ് കാര്‍ഡ് വാങ്ങി പുറത്തേക്കുപോയി. പിന്നെ ചെല്‍സി കളംപിടിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെരാഹിനോ (47-ാം മിനിറ്റ്) തന്റെയും ടീമിന്റെയും ഗോള്‍ ഇരട്ടിപ്പിച്ചു. ചെല്‍സി നായകന്‍ ജോണ്‍ ടെറി ബെരാഹിനോയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തി. യുവ സ്‌ട്രൈക്കറുടെ സ്‌പോട്ട് കിക്ക് നേരെ ബ്ലൂസിന്റെ വലയിലേക്ക് (2-0). ചെല്‍സിക്കുവേണ്ടി ലോയിക് റെമി തൊടുത്ത ഗോളെന്നുറച്ച ഷോട്ടിന് പോസ്റ്റ് വിഘാതം സൃഷ്ടിച്ചു. 60-ാം മിനിറ്റില്‍ ഒരു ചെറു കോര്‍ണര്‍ വാങ്ങി വലതുഭാഗത്തുകൂടി ബോക്‌സിലേക്ക് കയറിയ ബ്രന്റ് സ്‌കോര്‍ ചെയ്ത നിമിഷം ചെല്‍സിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു (3-0). പത്തുപേരുമായി കളിച്ച ചാമ്പ്യന്‍മാര്‍ക്ക് പിന്നീട് അധികമൊന്നും ചെയ്യാന്‍ സാധിച്ചില്ല.
കാര്‍ഡ് ചോദിച്ചുവാങ്ങി സെസ്‌ക്
ലണ്ടന്‍: വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് തോളത്തുവയ്‌ക്കുക- വെസ്റ്റ്‌ബ്രോമുമായുള്ള കളിയില്‍ ചെല്‍സിയുടെ സെസ്‌ക് ഫാബ്രെഗസിന് പറ്റിയ അമളിയെ അങ്ങനെ വിശേഷിപ്പിക്കാം.
29-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും വെസ്റ്റ്‌ബ്രോമിന്റെ ഗാരെത് മക് ഔലിയും തമ്മില്‍ സംഘര്‍ഷം. പ്രശ്‌നപരിഹാരത്തിന് റഫറിയുടെ ഇടപെടല്‍.
കളത്തിന്റെ ഒരുഭാഗത്ത് ചെറിയൊരാള്‍ക്കൂട്ടം രൂപപ്പെട്ടു. ആ സമയം ഏറെ അകലെയായിരുന്നു ഫാബ്രെഗസ്. എന്നാല്‍ വെറുതെനില്‍ക്കാന്‍ താരത്തിന് ക്ഷമയുണ്ടായില്ല, നിശ്ചലമായിക്കിടന്ന പന്തിനെ നീട്ടിയടിച്ചു. അതു ചെന്നുകൊണ്ടത് ക്രിസ് ബ്രന്റിന്റെ തലയിലും. ഫാബ്രെഗസിനുനേരെ റഫറി മൈക്ക് ജോണ്‍സ് ചുവപ്പുകാര്‍ഡ് നീട്ടി. താന്തോന്നിത്തരത്തിന്റെ പേരില്‍ ഫാബ്രെഗസിന് മൂന്നു മത്സരങ്ങളിലെങ്കിലും വിലക്കു നേരിടേണ്ടിവരുമെന്നാണ് സൂചന.
















