അങ്കോള (കര്‍ണാടക): വിവാഹത്തിന് വധുവിനു സമ്മാനമായി ശൗചാലയം നല്കിയാല് എന്തായിരിക്കും സ്ഥിതി. പണ്ടാണെങ്കില്‍ കല്യാണം കലങ്ങാന്‍ അതുമതി. പക്ഷേ, കര്‍ണാടകയിലെ അങ്കോളയില്നിന്നുള്ള വധു ചൈതാലി ബന്ധുക്കളോടു ചോദിച്ചു വാങ്ങിയ ഈ സമ്മാനം അവള്‍ക്കു നേടിക്കൊടുത്ത് 10 ലക്ഷം രൂപയുടെ ബഹുമതിയാണ്. ചൈതാലിക്കു പ്രേരണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഭാരത യജ്ഞവും.
കര്‍ണാടകയിലെ അങ്കോളക്കാരി ചൈതാലിക്ക് വിവാഹം നിശ്ചയിച്ചത് മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍നിന്നുള്ള വരന് ദേവേന്ദ്ര മകോഡെയുമായി. വിവാഹത്തിന് ഏതാനും ദിവസം മുമ്പാണ് ചൈതാലി അറിഞ്ഞത് ഭാവി ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയം ഇല്ലെന്ന്. അവള് ബന്ധുക്കളില്‍ ചിലര്‍ വിവാഹ സമ്മാനം എന്തുവേണമെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ഒരു ശൗചാലയം സമ്മാനം നല്‍കണമെന്ന്. ആദ്യം അതു തമാശയായെടുത്തെങ്കിലും ചൈതാലി സംഭവത്തിന്റെ ഗൗരവം പറഞ്ഞപ്പോള്‍ കളി കാര്യമായി.
മെയ് 15-ന് കര്‍ണാടകയിലെ അന്തൂര ഗ്രാമത്തില്‍ ചൈതാലിയുടെയും ദേവേന്ദ്രയുടെയും വിവാഹത്തിനെത്തിയവര്‍ അമ്പരന്നു. സമ്മാനങ്ങള്‍ക്കൊപ്പം ഒരു ശൗചാലയവും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ക്ലോസറ്റ്, വാഷ് ബേസിന്, കണ്ണാടി.. എന്നിങ്ങനെ ഒരു ശൗചാലയത്തില്‍ വേണ്ടതെല്ലാം. അങ്ങനെയാണ് ചൈതാലിയുടെ ആവശ്യവും ബന്ധുക്കള്‍ അതു സാധിതമാക്കിയതും ലോകം അറിഞ്ഞത്. വാര്‍ത്തയറിഞ്ഞ പ്രമുഖ ശൗചാലയ നിര്‍മ്മാതാക്കളായ സുലഭ് ഇന്റര്‍നാഷണല്‍ ചൈതാലിക്ക് 10 ലക്ഷം രൂപയുടെ സമ്മാനം പ്രഖ്യാപിച്ചു.
കല്യാണം നിശ്ചയിച്ച് അഞ്ചുദിവസം കഴിഞ്ഞാണ് ഞാനറിഞ്ഞത് ബന്ധുവീട്ടില്‍ ശൗചാലയമില്ലെന്ന്. ഞാന്‍ അച്ഛനോടും അമ്മാവനോടും എനിക്ക് ഒരു ശൗചാലയം വേണമെന്നു പറഞ്ഞു. അവര്‍ അതു സാധിച്ചു തന്നു. കല്യാണത്തിന് മറ്റു പല അനാവശ്യവസ്തുക്കളും നല്കുന്നതിനേക്കാള് നല്ലതല്ലേ ഇത്, ചൈതാലി വിശദീകരിക്കുന്നു.
സുലഭ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് പറഞ്ഞു, ചൈതാലി ശുചിത്വത്തിന്റെ മികച്ച പ്രചാരകയാണെന്ന്. ഒരു ഗ്രാമീണ യുവതിയായ ചൈതാലിക്ക് ഇതിനു പ്രേരകമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരതിന്റെ സ്വാധീനമാണെന്നും പഥക് ചൂണ്ടിക്കാട്ടി. ഒന്നാം വര്‍ഷം തികക്കുന്ന മോദി സര്‍ക്കാര്‍ ഗ്രാമീണ സ്ത്രീജനങ്ങളിലും സ്വാധീനം ചെലുത്തുന്നുവെന്നതിനു തെളിവാണിത്, അദ്ദേഹം പറഞ്ഞു.
സുലഭ് മുമ്പും ഇതുപോലെ ചില വേറിട്ട വ്യക്തികളെ ശുചിത്വ കാര്യത്തിലുള്ള നിലപാടിന്റെ പേരില്‍ മാനിച്ചിട്ടുണ്ട്; ആറു പേരെ. മധ്യപ്രദേശില്‍നിന്നുള്ള അനിത നാരേയ്ക്ക് ഏഴു ലക്ഷം രൂപയാണ് കൊടുത്തത്. ഭര്‍ത്തൃവീട്ടില്‍ ശൗചാലയം ഇല്ലാഞ്ഞതിന്റെ പേരില്‍ പരസ്യമായി ഇടഞ്ഞിരുന്നു അനിത.
യുപിയിലെ ഗോരഖ്പൂര്‍ മേഖലയില്‍നിന്നുള്ള പ്രിയങ്ക ഭാരതിയും മറ്റു രണ്ടു യുവതികളും ഇതുപോലെ ശൗചാലയ വിഷയം ഉയര്‍ത്താന്‍ തന്റേടം കാണിച്ചവരാണ്. അവരെല്ലാം ഇപ്പോള്‍ സുലഭിന്റെ അംബാസഡര്‍മാരാണ്. സുലഭ് സമ്മാനം നല്കി ആദരിച്ച മഹാരാഷ്ട്രക്കാരി സംഗീത താലിമാല വിറ്റ് ശൗചാലയം പണിഞ്ഞ് വിപ്ലവ വഴിയില്‍ സഞ്ചരിച്ച യുവതിയാണ്. സംഗീതയും ഇപ്പോള്‍ സുലഭിന്റെ ശുചിത്വ പ്രചാരകയാണ്.
















