മുംബൈ: ജോലിക്കാരനാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ നഴ്സ് അരുണ ഷാന്‍ബാഗ് (68) മരിച്ചു.
ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. രണ്ടു ദിവസം മുമ്പ് ന്യുമോണിയയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.
1973 നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം കര്‍ണാടകയിലെ ഹല്‍ദിപൂരില്‍ നഴ്സായിരുന്ന അരുണ ഷാന്‍ബൗഗ് ജോലിയില്‍ പ്രവേശിക്കുന്നതിനുവേണ്ടി വേഷം മാറുന്നതിനിടയില്‍ സോഹന്‍ലാല്‍ ദര്‍ഠ വാല്മീകി എന്ന അറ്റന്‍ഡര്‍ ഇവരെ കടന്നാക്രമിക്കുകയായിരുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഇവരെ പിന്നീട് അയാള്‍ ചങ്ങല കൊണ്ട് അടിച്ച് മൃതപ്രായാവസ്ഥയിലാക്കി. മസ്തിഷ്ക ആഘാതം സംഭവിച്ച അരുണ ഇക്കാലമത്രയും ജീവന്‍രക്ഷാ സംവിധാനങ്ങളിലൂടെയാണ് പ്രാണന് നിലനിര്‍ത്തി പോന്നത്.
അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകയായ സുഹൃത്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അത് നിരസിച്ചു. എന്നാല്‍ മരുന്നുകള്‍ ക്രമേണ കുറച്ച് രോഗിയെ ശാന്തമായി മരിക്കുന്നതിനുള്ള രീതി അവലംബിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. സഹപ്രവര്‍ത്തകനായ ഒരു ഡോക്ടറുമായി വിവാഹം തീരുമാനിച്ചതിന് ശേഷമായിരുന്നു അരുണ ക്രൂരപീഡനത്തിന് ഇരയായത്.
















