ന്യൂദല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പാര്‍ട്ടി വിപുലമായി ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം 250 റാലികളും 500 പത്രസമ്മേളനങ്ങളും നടത്തും. ഒരു വലിയ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് മുദ്രാവാക്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ‘വര്‍ഷ് ഏക് കാം അനേക്’ (ഒറ്റവര്‍ഷം ഒട്ടേറെ പ്രവൃത്തികള്‍). ‘മോദി സര്‍ക്കാര്‍ കാം ലഗാത്താര്’ (മോദി സര്‍ക്കാര്‍ കര്‍മ്മ നിരതം) ഈ മുദ്രാവാക്യങ്ങളായിരിക്കും ആഘോഷങ്ങളില്‍ ഉയര്‍ത്തുക. മെയ് 26 മുതല്‍ 31 വരെ പാര്‍ട്ടി എംപിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം വര്‍ദ്ധിച്ചു, ഭാരതത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം കൂടി, നമ്മുടെ ശക്തി വളരെ ഉന്നതമാണ്, ഈ അവസരത്തില്‍ രാജ്യത്തെ എല്ലാ സഹോദരി സഹോരന്മാരെയും അഭിനന്ദിക്കുന്നു- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഭാരതം ശക്തമായി വളരുകയാണെന്നും ഇത് പാവപ്പെട്ടവരുടെ സര്‍ക്കാരാണെന്നും അഴിമതി വിമുക്ത സര്‍ക്കാരാണെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.
ഒരുവര്‍ഷത്തെ ഭരണം വ്യത്യസ്തമാണെന്നും മോദി നല്ലൊരു ഭരണപരിഷ്ക്കര്ത്താവാണെന്ന് തെളിയിച്ചെന്നും കേന്ദ്ര മന്ത്രി ഹര്ഷവര്ദ്ധന് പറഞ്ഞു. ഈ ചരിത്രദിനത്തില്‍ മോദിയെ അഭിനന്ദിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്സംഘചാല് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാരിന്റെ വിജയങ്ങളും പരിമിതികളും ചര്‍ച്ച ചെയ്തു. പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അതിനെ പ്രതിരോധിക്കേണ്ട നടപടികളും ചര്ച്ചാവിഷയമായതായറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: