ന്യൂദല്‍ഹി : ഭാരതത്തില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്ന വിദേശീയരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. കുട്ടികളെ ദത്തെടുക്കുന്നതിനു പ്രത്യേകം നിയമം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അദ്വൈത് ഫൗണ്ടേഷന്‍, സഖി എന്നീ സാമൂഹ്യ സംഘടനകളാണ് ഹര്‍ജിക്കാര്‍.
കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ദത്തെടുക്കലിന്റെ മറവില്‍ നിരവധി കുട്ടികളെ വിദേശത്തേയ്‌ക്ക് കടത്തിക്കൊണ്ടുപോകുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സെന്‍ട്രല്‍ അഡോപ്ഷന്‍ റിസര്‍ച്ച് ഏജന്‍സിയാണ് (സിഎആര്‍എ) രാജ്യത്ത് കുട്ടികളെ ദത്തെടുക്കുന്നതിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കു പ്രകാരം പ്രതിവര്‍ഷം 600നും 800നും ഇടയില്‍ കുട്ടികള്‍ രാജ്യത്ത് ദത്തെടുക്കപ്പെടുന്നു. എന്നാല്‍ വിദേശ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനു കര്‍ശനമായ പ്രത്യേക വ്യവസ്ഥകളില്ലാത്തതിനാല്‍ വന്‍തോതില്‍ കുട്ടികളെ കടത്തുന്നതായാണ് ആരോപണം. അന്താരാഷ്‌ട്ര ഏജന്റുമാര്‍ വഴി വന്‍തുകകള്‍ വാഗ്ദാനം ചെയ്ത് ഭാരതത്തില്‍ നിന്നും കുട്ടികളെ ദത്തെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഭാരത വംശജയായ കനേഡിയന്‍ യുവതി രാജ്യത്തു നിന്നും കുട്ടിയെ ദത്തെടുക്കുന്നതിനായി സിഎആര്‍എ ചെയര്‍മാന്‍ ജെ. കെ. മിത്തലിന് കൈക്കൂലി നല്‍കിയതായി അടുത്തിടെ പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് കഴിഞ്ഞ മെയ് ഏഴിന് ഇവരുടെ ദത്തെടുക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ട് ജസ്റ്റീസ് രഞ്ചന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രാജ്യത്ത് ദത്തെടുക്കലിന്റെ മറവില്‍ ഒട്ടേറെ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി.
യൂറോപ്പ്, യുഎസ് രാജ്യക്കാരാണ് മുഖ്യമായും ഭാരതത്തില്‍ ദത്തെടുക്കാനെത്തുന്നത്. അവരില്‍ ഭൂരിഭാഗവും വന്‍തുകകള്‍ നല്‍കി കുട്ടികളെ സ്വരാജ്യത്തേയ്‌ക്ക് കടത്തുകയാണ് പതിവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
















