ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടകേസില്‍ പ്രധാനപ്പെട്ട മൂന്ന് സാക്ഷികളെ നുണപരിശാധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം അനുമതി തേടി. ശശി തരൂരിന്റെ വീട്ടിലെ സഹായി നാരായണ്‍ സിങ്, ഡ്രൈവര്‍ ബജ്രംഗി, കുടുംബ സുഹൃത്ത് സഞ്ജയ് ദിവാന് എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കാന്‍ പാട്യാല ഹൗസ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഇവരുടെ മൊഴികള്‍ സംശയാസ്പദവും നുണയുമാണെന്നും പലപ്രധാനപ്പെട്ട വിവരങ്ങളും മറച്ച് വെച്ചിരിക്കുകയാണെന്നും ഇവ നുണപരിശോധനാ ടെസ്റ്റിലൂടെ മാത്രമെ പുറത്ത് വരികയുള്ളുവെന്നും പോലീസ് പറയുന്നു.ഈ മൂന്ന് പേരും തരൂരുമായും കൊല്ലപ്പെട്ട സുനന്ദയുമായും വളരെ അടുത്ത് ബന്ധമുള്ളവരാണ്. 2014 ജനുവരി 17ന് ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ കൊല്ലപ്പെടുമ്പോള്‍ ഇവര്‍ അവിടെയുണ്ടായിരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും പോലീസ് പറയുന്നു. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുനില്‍ കുമാര്‍ ഈ മാസം 20ന് മൂന്ന് പേരോടും ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്.
ഈ മൂന്ന് പേരും പലതെളിവുകളും ഒളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഇവരില്‍ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. മരണത്തെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. സുനന്ദ മരിക്കുന്ന സമയത്ത് വൈകിട്ട് 7ന് ലീലാ ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയില്‍ പവര്‍ കട്ടായിരുന്ന വിവരത്തെക്കുറിച്ചും മൗനം പാലിക്കുന്നു. ശശി തരൂരുമൊത്ത് ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
നിഗൂഢമായ അന്തരീക്ഷത്തിലാണ് സുനന്ദയെ 345-ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുദീര്‍ഘമായ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ജനുവരി ഒന്നിന് ദല്‍ഹി പോലീസ് സുനന്ദയുടെ മരണം കൊലപാതകമാണെന്നത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് എഫ്ഐആറില്‍.
പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് സ്നേഹബന്ധമുണ്ടെന്ന വിവാദം ഉയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സുനന്ദ മരിക്കുന്നത്. മെഹറുമായുള്ള ബന്ധത്തിന്റെ പേരില്‍ തരൂരും സുനന്ദയുമായി വഴക്കുണ്ടായതായും സുനന്ദയ്ക്ക് മര്‍ദ്ദനമേറ്റതായും പറയുന്നു.
നാരായണ്‍ സിങ്, ബജ്രംഗി, സഞ്ജയ് ദിവാന് എന്നിവരെ പോലീസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ശശി തരൂരിനെയും നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ശതകോടികളുടെ ഐപിഎല്‍ ക്രിക്കറ്റുമായി സുനന്ദയുടെ മരണത്തിന് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലെ ഐപിഎല്‍ ഫ്രാഞ്ചൈസി അഴിമതി വിവാദവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ 2010ല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
















