മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടും ഇറ്റാലിയന്‍ പടകാഹളം. നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ കിനാവുകളെ അരിഞ്ഞുവീഴ്‌ത്തി സീരി എ വമ്പന്‍ യുവന്റസ് ഫൈനലിലേക്ക് ഗമിച്ചു. എതിരാളിയുടെ തട്ടകത്തിലെ രണ്ടാം പാദത്തില്‍ 1-1ന് സമനില വഴങ്ങിയ യുവന്റസിനെ ആദ്യ മുഖാമുഖത്തിലെ വിജയമാര്‍ജിനാണ് (2-1) മുന്നോട്ടു നയിച്ചത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ ലീഡെടുത്ത റയലിനെ രണ്ടാം പകുതിയില്‍ അല്‍വാരോ മൊറാട്ടയുടെ സ്‌ട്രൈക്ക് വഴി യുവന്റസ് തളയ്‌ക്കുമ്പോള്‍, അഗ്രഗേറ്റ് സ്‌കോര്‍: 3-2. പിന്നെ ഒരുഗോള്‍ കൂടി കുറിച്ച് കളി അധിക സമയത്തേക്ക് നീട്ടാനുള്ള റയലിന്റെ ശ്രമങ്ങളെല്ലാം യുവന്റസ് വിഫലമാക്കി. അതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ എല്‍ ക്ലാസിക്കോ ഫൈനലിന്റെ സാധ്യതകളും അടഞ്ഞു. 2003ശേഷം യുവന്റസ് കലാശക്കളിക്ക് അര്‍ഹത നേടുന്നത് ഇതാദ്യം.
ജൂണ്‍ ആറിന് ബെര്‍ലിനിലെ കിരീടപ്പോരാട്ടത്തില്‍ മറ്റൊരു സ്പാനിഷ് പ്രതിനിധി ബാഴ്‌സലോണയുമായി യുവന്റസ് കൊമ്പുകോര്‍ക്കും. ലോകകപ്പിലെ കടി വിവാദത്തിലെ പ്രതിനായകന്‍ ലൂയിസ് സുവാസരും ഇര ജോര്‍ജിയോ ചെല്ലിനിയും അന്നു നേര്‍ക്കുനേര്‍ വരുമെന്നതും ആ അങ്കത്തിന്റെ സവിശേഷത.
സാന്റിയാഗോ ബെര്‍ണബ്യൂവിലെ ഗാലറി എറെ പ്രതീക്ഷിച്ചു. പക്ഷേ, അവര്‍ക്കു മധുരം വിളമ്പാന്‍ ക്രിസ്റ്റ്യാനോയ്‌ക്കും കൂട്ടര്‍ക്കുമായില്ല. നല്ലരീതിയില്‍ ആക്രമിച്ചു തന്നെയാണ് റയല്‍ കളിച്ചത്. തുടക്കത്തിലും ആദ്യ പകുതിയുടെ ആരംഭത്തിലും അന്ത്യ വേളകളിലും അവര്‍ ഗോള്‍ ദാഹത്തോടെ അലഞ്ഞു. എന്നാല്‍ സിആര്‍7നും കരീം ബേന്‍സേമയും പ്രത്യേകിച്ച് ഗാരെത് ബെയ്‌ലും തുലച്ച അവസരങ്ങള്‍ ചില്ലറയല്ല. യുവന്റസ് ഗോളി ജിയാന്‍ലൂഗി ബഫണ്‍ വീണ്ടും റയലിന്റെ വഴിയില്‍ ഏറെ പ്രതിബന്ധങ്ങള്‍ തീര്‍ക്കുകയും ചെയ്തു.
ജെയിംസ് റോഡ്രിഗസിനെ ജോര്‍ജിയോ ചെല്ലിനി ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഉജ്ജ്വലമായി തൊടുത്ത ക്രിസ്റ്റ്യാനോ (23-ാംമിനിറ്റ്) റയലിന് മോഹവിലയുള്ള ഗോള്‍ സമ്മാനിച്ചു (1-0). നാലു ചാമ്പ്യന്‍സ് ലീഗുകളില്‍ പത്തോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സിആര്‍7ന് വന്നുചേര്‍ന്നു.
എന്നാല്‍ 57-ാം മിനിറ്റില്‍ റയലിന്റെയും ഇകെര്‍ കസിയസിന്റെയും കണക്കുകൂട്ടലുകള്‍ പിഴച്ചു. ഗോള്‍ മുഖത്തേക്കു വന്ന ഒരു ക്രോസ് തട്ടിത്തെറിപ്പിക്കാനെ സ്പാനിഷ് ഗോളിക്ക് സാധിച്ചുള്ളു. പന്ത് നിയന്ത്രിച്ച പോള്‍ പോഗ്ബ മൊറാട്ടയ്‌ക്ക് മറിച്ചു. വലകുലുക്കാന്‍ മൊറാട്ടയ്‌ക്ക് അധിക സമയംവേണ്ടിവന്നില്ല (1-1), ഒരിക്കല്‍ തന്നെ തഴഞ്ഞ റയലിനോടുള്ള മധുരപ്രതികാരം. ആദ്യപാദത്തിനേതിനു സമാനമായി തന്റെ പഴയ ടീമിനോടുള്ള സ്‌നേഹം കൊണ്ടെന്നപോലെ അധികം ആഘോഷത്തിനൊന്നും മൊറാട്ട മുതിര്‍ന്നില്ല.
















