മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയില്‍ യുവന്റസിനോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടേക്കുമെന്നു സൂചന.
റയലിന്റെ പരിശീലകസ്ഥാനത്ത് തുടരാനാകുമോയെന്ന് ഉറപ്പുപറയാനാവില്ലെന്നു വ്യക്തമാക്കിയ ആന്‍സലോട്ടി തന്നെയാണ് അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്. സീസണില്‍ റയലിന് ഒരു കിരീടം പോലും ലഭിക്കില്ലെന്ന സ്ഥിതി സംജാതമായതും ആന്‍സലോട്ടിയുടെ നില പരുങ്ങിലാക്കിക്കഴിഞ്ഞു.
ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷം ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ക്ലബ്ബ് അധികൃതര്‍ തൃപ്തരെങ്കില്‍ എന്നെ നിലനിര്‍ത്തും, ആന്‍സലോട്ടി പറഞ്ഞു.
റയലില്‍ തുടരാന്‍ താത്പര്യമുണ്ട്. എങ്കിലും ഫുട്ബോളില്‍ കാര്യങ്ങള്‍ എങ്ങനെയാണെന്നറിയാം. പരിശീലകനെ മാറ്റാന്‍ ക്ലബ്ബിന് അധികാരമുണ്ടെന്നും ആന്‍സലോട്ടി കൂട്ടിച്ചേര്‍ത്തു.
















