വാഷിങ്ടണ്‍: ടൈസന് ഗേ ഉത്തേജക മരുന്ന് ഉപയോഗത്തിന് ശിക്ഷിക്കപ്പെട്ടതിന്റെ കാരണം പറഞ്ഞ് 2012 ലണ്ടന്‍ ഒളിംപിക്സില്‍ അമേരിക്ക നേടിയ 100 മീറ്റര്‍ റിലേ വെള്ളി ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി തിരികെവാങ്ങുന്നു.
100, 200 മീറ്ററുകളിലെ മുന്‍ ലോകചാമ്പ്യനായ ഗേയെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2014ല്‍ ഒരുവര്‍ഷത്തേക്കു വിലക്കിയിരുന്നു.
2012 ജൂലൈ 15 മുതലുള്ള താരത്തിന്റെ മത്സരഫലങ്ങളും അസാധുവാക്കി. ഗേ അന്നുതന്നെ തന്റെ മെഡല്‍ മടക്കിനല്‍കുകയും ചെയ്തു. എന്നാല്‍ റിലേ ടീമിലെ മറ്റംഗങ്ങളായ ജസ്റ്റിന് ഗാറ്റ്ലിന്, റ്യാന്‍ ബെയ്ലി, ജെഫ്രി ഡെംപ്സ്, ട്രെല്‍ കിമ്മണ്സ്, ഡാര്‍വിസ് പാറ്റണ് എന്നിവരുടെ മെഡലുകളും തിരികെയേല്പ്പിക്കാനാണ് ഒളിംപിക് കമ്മിറ്റിയുടെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് യുഎസ് ഒളിംപിക് കമ്മിറ്റിക്ക് ഐഒസി കത്തുമെഴുതി.
മെഡലുകള്‍ മടക്കിനല്കാന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും സംശുദ്ധരായ കായിക താരങ്ങളെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും യുഎസ് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി.
















