മ്യൂണിച്ച്: സ്പാനിഷ് വൈരി ബാഴ്സലോണയെ തടയാന്‍ ചെയ്യാവുന്നതെല്ലാം ബയേണ്‍ മ്യൂണിച്ച് ചെയ്തു. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ തുടക്കത്തില്‍ തന്നെ എതിരാളിയുടെ വലകുലുക്കി, 3-2ന് ജയിച്ചുകയറി. പക്ഷേ, ബാഴ്സയുടെ ഫൈനല്‍ പ്രവേശം അസാധ്യമാക്കാന്‍ ജര്‍മന്‍ ചാമ്പ്യന്മാരുടെ ആ പ്രകടനം പോരായിരുന്നു. ആദ്യ പാദത്തിലെ മറുപടിയില്ലാത്ത മൂന്നു ഗോളിന്റെ ജയം ലൂയിസ് എന്റിക്വയുടെ ടീമിന് നല്കിയ മുന്‍തൂക്കം അത്രയ്ക്കുണ്ട്.
എങ്കിലും സെമിഫൈനല്‍ ഏകപക്ഷീയമാക്കാതെ 5-3 എന്ന അഗ്രഗേറ്റ് സ്കോറിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ബയേണിന് ആശ്വസിക്കാം. ഇതോടെ 2013ല്‍ ബയേണിനോടേറ്റ സെമി പരാജയത്തിന് കണക്കുതീര്‍ക്കാനും ബാഴ്സയ്ക്കായി. 2011നുശേഷം ബാഴ്സ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നതും ഇതാദ്യം.
ബയേണിന്റെ പോരാട്ടവീര്യം അടിവരയിടപ്പെട്ട അങ്കത്തില്‍ മെഹ്ദി ബെനാറ്റിയ, റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി, തോമസ് മുള്ളര്‍ എന്നിവര്‍ അവരുടെ ഗോളുകള്‍ കണ്ടെത്തി. ബാഴ്സയ്ക്ക് രക്ഷയൊരുക്കിയത് നെയ്മറുടെ ഡബിള്‍ സ്ട്രൈക്കും.അലയന്‍സ് അരേനയില്‍ ബാഴ്സ പന്തു ഒന്നു തൊട്ടു തുടങ്ങിയപ്പോഴേക്കും ബയേണ്‍ മുന്നിലത്തി. ബാഴ്സയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് സാബി അലോണ്‍സോയുടെ കോര്‍ണറിനെ ബെനാറ്റിയ വലയിലേക്ക് പറഞ്ഞുവിടുമ്പോള്‍ ബയേണിന്റെ പ്രതികാര പ്രതീക്ഷകള്‍ക്ക് ചിറകുവച്ചു (1-0). പക്ഷേ,
പിന്നീടങ്ങോട്ട് ലയണല്‍ മെസി- നെയ്മര്‍- ലൂയിസ് സുവാരസ് ത്രയം നിയന്ത്രണമേറ്റെടുത്തു. 15-ാം മിനിറ്റില്‍ മെസിയുടെ പാസ് സുവാരസിനെ തേടിയെത്തി. കാലില്‍ കൊരുത്ത പന്തുമായി മിന്നല്‍പോലെ ബോക്സിനുള്ളില്‍ കയറിയ സുവാരസ് മറിച്ച പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുന്ന ജോലിയേ നെയ്മര്ക്കുണ്ടായിരുന്നുള്ളു (1-1). പിന്നാലെ മുള്ളറുടെ ഹെഡ്ഡര്‍ ബാഴ്സ ഗോളി തട്ടിയകറ്റി. 29-ാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും വെടിപൊട്ടിച്ചു. ഇക്കുറിയും പാസ് വിളമ്പിയത് സുവാരസ്. ഉറുഗൈ്വ താരം നല്കി പന്ത് ഓടിപ്പിടിച്ച നെയ്മര്‍ അനായാസം ഡബിള്‍ തികച്ചു (2-1).
രണ്ടാം പകുതിയില്‍ സുവാരസിനെ കരകയറ്റി ബാഴ്സ പെഡ്രോയെ ഇറക്കി. പക്ഷേ, സ്കോര്‍ ഷീറ്റില്‍ മാറ്റം വരുത്തിയത് ബയേണും. ഒന്നാന്തരം ഫുട്വര്‍ക്കിലൂടെ ജാവിയര്‍ മസ്കരാനോയെ കബളിപ്പിച്ച ലെവന്‍ഡോവ്സ്കി (59-ാം മിനിറ്റ്) മൂര്‍ച്ച തെളിയിച്ചു (2-2). ഫൈനല്വിസിലിനു പതിനാറു മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഫസ്റ്റ് ടൈമറിലൂടെ മുള്ളര്‍ ബയേണിന് നിഷ്ഫല ജയമൊരുക്കി (3-2).
















