കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശ് സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് പര്യടനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും മമത പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായിട്ടാണ് വിവരം. മോദി കഴിഞ്ഞയാഴ്ച കൊല്‍ക്കത്ത സന്ദര്‍ശിച്ച അവസരത്തില്‍ മമതയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബംഗ്ലാദേശ് സന്ദര്‍ശിച്ച അവസരത്തില്‍ മമതയെ ക്ഷണിച്ചെങ്കിലും അവര്‍ അന്നതിന് തയ്യാറായിരുന്നില്ല. മോദിയും മമതയും തമ്മില്‍ ധാക്ക സന്ദര്‍ശനം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമെടുത്തിട്ടില്ലായെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന തീയതി ലഭിക്കുന്നതിനനുസരിച്ചായിരിക്കും മമത കാര്യങ്ങള്‍ തീരുമാനിക്കുക.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ 3009 കോടിയുടെ നഷ്ടപരിഹാര പാക്കേജും മമതയുടെ മോദി അനുകൂല നിലപാടിന് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രിക്കൊപ്പമുള്ള മമതയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ഭാരത-ബംഗ്ലാദേശ് സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
















