ഹൈദരാബാദ്: അവസാന ഓവറുകളില്‍ ബൗളര്‍മാരുടെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ക്യാപ്ടന് ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെയുള്ള 5 റണ്‍സ് ജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ണറുടെ വിലയിരുത്തല്‍.
തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്സ് വാര്‍ണറുടെ (81) മികവില്‍ 5ന് 185 എന്ന സ്കോറിലെത്തി. ചേസ് ചെയ്ത പഞ്ചാബിന് അവസാന 6 ഓവറില്‍ 87 റണ്‍സ് വേണമായിരുന്നു. ഡേവിഡ് മില്ലര്‍ (89 നോട്ടൗട്ട്) തകര്‍ത്തടിച്ചപ്പോള്‍ കിങ്സ് ഇലവന് കുതിച്ചു. എങ്കിലും സമചിത്തത കൈവിടാത്ത സണ്‍റൈസേഴ്സ് ജയം പിടിച്ചെടുത്തു. മൂന്നു വിക്കറ്റ് പിഴുത മോയ്സസ് ഹെന്റിക്വസും രണ്ടുപേരെ പുറത്താക്കിയ ബിപുല്‍ ശര്‍മ്മയും ഹൈദരാബാദ് നിരയില്‍ വേറിട്ടുനിന്നു.
ജയിച്ചതില്‍ സന്തോഷം. എങ്കിലും അവസാന ഓവറുകളില്‍ പന്തേറിന്റെ നിലവാരമുയര്‍ത്തണം. രാജസ്ഥാന് റോയല്‍സിനെതിരായ അവസ്ഥ ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എതിരാളിക്കുമേല്‍ പിടിമുറുക്കിയെന്നു തോന്നിച്ചശേഷം അല്‍പ്പം വൈകിയാണ് നമ്മള് കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത്, വാര്‍ണര്‍ പറഞ്ഞു.
അന്ത്യത്തിലെ ബൗളിങ്ങില്‍ കുറച്ചുകൂടി യത്നിക്കണം. 18 പന്തില്‍ 60 എന്ന കണക്കുള്ളപ്പോള്‍ കുറഞ്ഞത് 15-20 റണ്സുകള്ക്കെങ്കിലും ജയിക്കണം. ഈ ജയത്തിന്റെ ക്രെഡിറ്റ് ഹെന്റിക്വസിനുള്ളതാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മോയ്സസ് അസാധാരണമായി പന്തെറിഞ്ഞു. ഒരു ബൗളര്‍ എന്ന നിലയില്‍ കളിയുടെ അവസാന വേളകളില്‍ നിങ്ങള്‍ ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ബാറ്റ്സ്മാനാണ് ഡേവിഡ് മില്ലര്‍. അദ്ദേഹം നന്നായി സ്ട്രൈക്ക് ചെയ്തെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
















