മാഡ്രിഡ്: സ്പാനിഷ് പ്രബലരായ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നു വിധി ദിനം. രണ്ടാം പാദ സെമിക്കായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ വിരുന്നെത്തുന്ന ഇറ്റാലിയന്‍ പട യുവന്റസിനെ അവര്‍ക്കു തോല്‍പ്പിച്ചേ മതിയാകൂ. അതല്ലെങ്കില്‍ സീസണില്‍ റയലിന്റെ നിരാശയുടെ ആഴം വര്‍ധിക്കും. ആദ്യ മുഖാമുഖത്തില്‍ 2-1ന്റെ വിജയം വരിച്ച യുവന്റസിന് ഒരു സമനില മതി കലാശക്കളിക്കു കുതിക്കാന്‍. മറിച്ചു സംഭവിച്ചാല്‍ റയലിനതു പുനര്ജനിയാകും. രാത്രി 12.15ന് (ഇന്ത്യന്‍ സമയം) ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ പന്തുരുണ്ടു തുടങ്ങും.
ലാ ലീഗയില്‍ റയലിന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞു. അതിനാല്‍ത്തന്നെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി അനിവാര്യം. യുവന്റസ് ചില്ലറക്കാരല്ല. ഒന്നാം മുഖാമുഖത്തില്‍ റയലിനെ ശരിക്കു വെള്ളംകുടിപ്പിച്ചുകളഞ്ഞു അവര്‍. യുവന്റസിന്റെ പ്രതിരോധതന്ത്രങ്ങളെ വകഞ്ഞുമാറാന് റയലിന് ഏറെ പണിപ്പെടേണ്ടിവരുമെന്നതില് സംശയമില്ല. റയല്‍ ഗോളി ഇകെര്‍ കസിയസിനെ സംബന്ധിച്ചടത്തോളം ഇന്നത്ത പോരാട്ടം അഭിമാനപ്രശ്നമാണ്. കസിയസിന്റെ പിഴവുകളാണ് റയലിനെ തോല്പ്പിക്കുന്നതെന്ന പരാതി ആരാധകര്‍ക്കുണ്ട്. ഗാലറിയില്‍ നിന്ന് അതിന്റെ പ്രതികരണങ്ങളും പുറപ്പെട്ടുകഴിഞ്ഞു. ഒന്നാം പാദത്തില്‍ തീരെ നിറംമങ്ങിയ ഗാരെത് ബെയ്ലും സമ്മര്‍ദ്ദത്തില്‍ തന്നെ. പ്രത്യേകിച്ച് സഹതാരങ്ങള്‍ ബെയ്ലിന് പാസ് നല്‍കുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍.
മിഡ്ഫീല്‍ഡില്‍ ടോണി ക്രൂസ് ഉണ്ടാവുമെന്നതും മുന്നേറ്റനിരയില്‍ കരീം ബെന്‍സേമ തിരിച്ചുവന്നേക്കുമെന്നതും റയലിന്റെ ക്യാംപിലെ ശുഭവാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് പുറത്തിരിക്കാനാണ് സാധ്യത. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജെയിംസ് റോഡ്രിഗസും തന്നെ റയലിന്റെ നീക്കങ്ങളുടെ കേന്ദ്ര ബിന്ദുക്കള്‍.
അല്‍വാരോ മൊറാട്ടയുടെ ഫോം യുവന്റസിനെ ശരിക്കും ഉത്തേജിപ്പിക്കുന്നു.
യുവന്റസിലെത്തിയശേഷം അവസരം ലഭിക്കുന്നില്ലെന്ന് മൊറാട്ടയ്ക്ക് പരാതിയുണ്ടായിരുന്നു. എന്നാല്‍ റയലിനോടുള്ള കഴിഞ്ഞ അങ്കത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച മൊറാട്ട ചാന്‍സ് ശരിക്ക് മുതലാക്കി. ഗോളടിച്ചും യുവന്റസിന്റെ നീക്കങ്ങളെ സ്വാധീനിച്ചും മൊറാട്ട ടൂറിനില്‍ നിറഞ്ഞുനിന്നു.
പോള്‍ പോഗ്ബയെന്ന പ്രതിഭയുടെ തിരിച്ചുവരവും മത്സരഫലത്തെ സ്വാധീനിച്ചേക്കും. കാര്‍ലോസ് ടെവസിന്റെ പ്രവചനാതീതതയും എതിര് നിരയില്‍ ഭീതിവിതയ്ക്കും. സീരി എയില്‍ തുടര്‍ച്ചയായ നാലം തവണയും ജേതാക്കളായതിന്റെ ആത്മവിശ്വാസവും യുവന്റസിന് കൈമുതലായുണ്ട്.
















