ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രോഫി ചെല്‍സി കൈക്കലാക്കിക്കഴിഞ്ഞു. എങ്കിലും നീലപ്പടയുമായി ലിവര്‍പൂള്‍ മല്ലിട്ടപ്പോള്‍ ആവേശം ഒട്ടുംചോര്ന്നില്ല. ലിവര്‍പൂളിന്റെ കുപ്പായത്തില്‍ സ്റ്റീവന്‍ ജെറാഡെന്ന പ്രതിഭ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്ലുന്ന അവസാന മത്സരമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഓരോ ഗോള്‍വീതമടിച്ച് ഇരു സംഘങ്ങളും കരകയറുമ്പോള്‍ ആരാധകരും അത്ര നിരാശപ്പെട്ടില്ല.
ചെല്‍സിക്കുവേണ്ടി നായകന് ജോണ്‍ ടെറി സ്കോര്‍ ചെയ്തു. റെഡ്സിനായി മറുപടി നല്കാന് ക്യാപ്ടന് ജെറാഡ് തന്നെ വേണ്ടിവന്നു. മത്സരഫലം ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യതകളെ ഇല്ലാതാക്കിയെന്നത് ലിവര്‍പൂളിന്റെ സങ്കടം.
36 കളികളില്‍ നിന്ന് 62 പോയിന്റുള്ള ലിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (68) പിന്നില്‍ അഞ്ചാമതാണ്. രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഗോള്‍ ശരാശരിയിലും വളരെ മുന്നിലുള്ള മാന്‍.യുവിനെ മറികടക്കുക ആന്‍ഫീല്‍ഡ് ടീമിന് ഏറെക്കുറെ അസാധ്യം.
ചെല്‍സിയുടെ സെസ്ക് ഫാബ്രെഗസ് ഏറെ ഇടപെടലുകള്‍ നടത്തിയ ആദ്യ നിമിഷങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. റഹീം സ്റ്റെര്‍ലിങ്ങിനെ ഫൗള്‍ ചെയ്ത ഫാബ്രെഗസ് ഒരു ഘട്ടത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയെന്നു തോന്നി. പക്ഷേ, അഞ്ചാം മിനിറ്റില്‍ ഫാബ്രെഗസ് ടീമിനുവേണ്ടി നല്ലൊരു കാര്യം ചെയ്തു. ഫാബ്രെഗസ് എടുത്ത കോര്‍ണറില്‍ തലവെച്ച ടെറി ചെല്‍സിക്ക് ലീഡ് നല്കി (1-0).
പെട്ടെന്ന് പ്രതികരിച്ച ലിവര്‍പൂള്‍ ഒന്നുരണ്ടുവട്ടം ഗോളിനടുത്തെത്തി. ലീഡ് വര്‍ധിപ്പിക്കാന്‍ ചെല്‍സിക്കും അവസരം ലഭിച്ചു. എന്നാല്‍ ഫാബ്രെഗസിന്റെ ഷോട്ട് ലിവര്‍ ഗോളി സൈമണ്‍ മിഗ്നോലെറ്റ് നിര്‍വീര്യമാക്കി. ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ജെറാഡിന്റെ തല ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.
ജോര്ഡാന് ഹെന്‍ഡേഴ്സന്റെ ഫ്രീ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെറാഡ് ചെല്‍സിയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോള്‍ സ്കോര്‍, 1-1.
രണ്ടാം പകുതിയില്‍ ലിവര്‍പൂളാണ് ഉശിരോടെ തുടങ്ങിയത്. സ്റ്റെര്‍ലിങ്ങിന്റെ പാസില്‍ ഫിലിപ്പ് കൗട്ടീഞ്ഞോയുടെ ഷോട്ട് പുറത്തേക്കുപോയി. ചെല്‍സിക്കായി വില്യന് തൊടുത്ത ഡ്രൈവ് മിഗ്നോലെറ്റ് സേവ് ചെയ്തു. പിന്നെയും ഇരുകൂട്ടരും ഗോള്‍ സാധ്യതകള്‍ തുറന്നെടുത്തെങ്കിലും ഒന്നും പൂര്‍ണതയിലെത്തിയില്ല.
















