ന്യൂദല്‍ഹി: സിപിഎമ്മിന്റെ മുന്‍കാല ചെയ്തികളെയും നയങ്ങളെയും വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഭാരത അമേരിക്കന്‍ ആണവ കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കേണ്ടിയിരുന്നില്ല. അതിനു പകരം വിലക്കയറ്റം പോലെയുള്ള കാര്യങ്ങളുടെ പേരിലായിരുന്നു പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നത്. യെച്ചൂരി പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ആണവക്കരാറിനെ എതിര്‍ത്തത് ശരിയായിരുന്നു. പക്ഷെ പിന്തുണ പിന്‍വലിക്കാന്‍ ഉന്നയിക്കേണ്ടിയിരുന്ന വിഷയം ഇതായിരുന്നില്ല. അത് തെരഞ്ഞെടുപ്പില്‍ ഒരു ജനകീയ വിഷയമാക്കാന്‍ കഴിഞ്ഞുമില്ല.പിന്‍വലിച്ച സമയവും വിമര്‍ശനവിധേയമായിട്ടുണ്ട്. യെച്ചൂരി തുടര്‍ന്നു.
സിപിഎം ഭാവിയുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.വരുന്ന മൂന്നു വര്‍ഷം പാര്‍ട്ടിയുടെ തളര്‍ച്ച നിയന്ത്രിക്കുകയും ജനവിശ്വാസം ആര്‍ജ്ജിക്കുകയുമാണ് പ്രധാനദൗത്യം. സംഘടനയെ പുരുജ്ജീവിപ്പിക്കണം. സ്വതന്ത്രശക്തി വര്‍ദ്ധിപ്പിക്കണം.അതിനു വേണ്ടുന്ന കാര്യങ്ങള്‍ ആലോചിക്കാന്‍ ഈ വര്‍ഷം ഒടുവില്‍ പ്രത്യേക പഌനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇടതു പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ് മറ്റൊരു ജോലി.
മതേതരത്വം, ഭൂവിനിയോഗ ബില്‍ തുടങ്ങിയവ പോലുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കുമെന്ന് പറഞ്ഞ യെച്ചൂരി എന്നാല്‍ പാര്‍ലമെന്റിനു പുറത്ത് അത്തരം സഖ്യങ്ങള്‍ ഉണ്ടാക്കില്ലെന്നും അവകാശപ്പെട്ടു.
വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ബിജെപി വിരുദ്ധ ശക്തികളുടെ നിര്‍ണ്ണായക പരീക്ഷണമാകും.ജനതാപരിവാറിന്റെ ലയനം തങ്ങള്‍ നിരീക്ഷിക്കും. അതനുസരിച്ചായിരിക്കും തന്ത്രം മെനയുക, യെച്ചൂരി പറഞ്ഞു.
















