കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര്യസമരത്തില്‍ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്നും നീക്കണമെന്നും ബന്ധുക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ജവഹര്‍ലാല്‍ നെഹ്രു ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന 1948 മുതല്‍ 1968 വരെയുള്ള കാലഘട്ടത്തില്‍ നേതാജിയുടെ ബന്ധുക്കള്‍ രഹസ്യനിരീക്ഷമത്തിലായിരുന്നുവെന്ന രേഖകള്‍ ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇത് സംബന്ധിച്ചും നേതാജിയുടെ ബന്ധുക്കള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.
രഹസ്യരേഖകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്നാല്‍ അതിന് ഒരു സമയപരിമിതി നിശ്ചയിക്കാനാവില്ലെന്ന് പറഞ്ഞതായും നേതാജിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇത് ഒരു കുടംബത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മുഴുവന്‍ രാജ്യവും നേതാജിയുടെ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയതായും അനന്തരവന്‍ ചന്ദ്രബോസ് പറഞ്ഞു.
എല്ലാവിഷയങ്ങളും സമഗ്രമായി തന്നെ പരിശോധിക്കും. മോദി ജര്‍മ്മനി സന്ദര്‍ശിച്ച അവസരത്തിലും അവിടെ ഉണ്ടായിരുന്ന നേതാജിയുടെ അനന്തരവന്‍ പ്രധാനമന്ത്രിയെ കണ്ട് വിഷയങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. നേതാജിയുടെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















