റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആക്ഷേപം. റാഞ്ചി ഹര്‍മു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബവീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് കൈയേറിയത്. ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയാണ് ധോണി കൈയേറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡ് ധോണിക്കു നോട്ടീസ് അയച്ചു.
15 ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ എട്ടു സെന്റ് സ്ഥലത്താണ് ധോണിയുടെ വീട് സ്ഥിതിചെയ്യുന്നത്. ഇതിനോടുചേര്‍ന്ന ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് ധോണി കൈയേറിയത്. അതേസമയം ഭൂമി കൈയേറിയിട്ടില്ലെന്നും, തെറ്റായ നിഗമനത്തിലാണ് ഹൗസിങ് ബോര്‍ഡ് നോട്ടീസ് അയച്ചതെന്നുമാണ് ധോണിയുടെ കുടുംബത്തിന്റെ നിലപാട്.
ഹൗസിങ് ബോര്‍ഡിലെതന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ധോണി ഭൂമി വെട്ടിപ്പിടിച്ചതെന്നും ആക്ഷേപമുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയാണ് ധോണി കൈയേറിയത്. നേരത്തെ മെക്കോണ്‍ കോളനിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ധോണിയുടെ കുടുംബത്തിനു 2006ല്‍ അര്‍ജുന്‍ മുണ്ടെയുടെ ബിജെപി സര്‍ക്കാരാണ് വീടുവെയ്‌ക്കാന്‍ സ്ഥലം നല്‍കിയത്. നമ്പര്‍ പ്ലേറ്റില്ലാതെ റാഞ്ചിയിലൂടെ ബൈക്ക് ഓടിച്ച ധോണിക്കു 500 രൂപ പിഴ വിധിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് കൈയേറ്റ പ്രശ്‌നം ഇന്ത്യന്‍ നായകനെ വീണ്ടും വിവാദത്തില്‍ കുടുക്കിയിരിക്കുന്നത്
















