ബാഴ്സലോണ: ലയണല്‍ മെസിയെ തടയാന്‍ ആര്‍ക്കുമാവില്ല. ബാഴ്സലോണയുമായുള്ള അങ്കത്തിന് മുന്‍പ് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിന്റെ കോച്ചും മെസിയുടെ മുന്‍ ആശാനുംകൂടിയായ പെപ്പ് ഗാര്‍ഡിയോള പറഞ്ഞതാണിത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നൗകാംപില്‍ വന്ന
ഗാര്‍ഡിയോളയുടെ വാക്കുകള്‍ അറംപറ്റി. മെസിയെ പിടിച്ചുകെട്ടാന്‍ ഗാര്‍ഡിയോള ഒരുക്കിയ പട പോരായിരുന്നു. ഫലമോ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമി ഫൈനലില്‍ ബാഴ്സയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബയേണ്‍ തോറ്റമ്പി. അതില്‍ രണ്ടെണ്ണം കുറിച്ചത് മെസി. ഒന്ന് ബ്രസീലിയന്‍ പ്രതിഭ നെയ്മറുടെ അക്കൗണ്ടിലേക്കുപോയി. കളിയവസാനിക്കാന്‍ പതിമൂന്നു മിനിറ്റുകള്‍ മാത്രം അവശേഷിക്കെ മെസി മാജിക്ക് ബയേണിനെ ഉന്മൂലനം ചെയ്യുകയായിരുന്നു.
ആര്യന് റോബനും ഫ്രാങ്ക് റിബറിയുമൊന്നും ഇല്ലെങ്കിലും സ്പാനിഷ് ടീമിന്റെ ഹോം ഗ്രൗണ്ടില്‍ ആക്രമണത്തിന് തുനിഞ്ഞു തന്നെയാണ് ബയേണ്‍ ഇറങ്ങിയത്. പക്ഷേ, അവരെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിക്കാന്‍ ഗോളി മാനുവേല്‍ ന്യൂയറിന് ഏറെ യത്നിക്കേണ്ടിവന്നു. ഏഴാം മിനിറ്റില്‍ ഒറ്റയാനായി മുന്നിലെത്തിയ ലൂയീസ് സുവാരസിന്റെ ഗോള്‍ മോഹം നുള്ളിക്കളഞ്ഞു ന്യൂയര്‍. സുവാരസിന്റെ ബാക്ക് പാസില്‍ നെയ്മറുടെ ഷോട്ട് ഫിലിപ്പ് ലാമിനെ തട്ടിയകന്നതും മറ്റൊരു കാഴ്ച.
ബാഴ്സ സമ്മര്ദ്ദമേറ്റവെ ബയേണിനും ലഭിച്ചു അവസരം. എന്നാല്‍ അതു റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി തുലച്ചു, ബോക്സിലേക്ക് തോമസ് മുള്ളര്‍ മറിച്ച പന്ത് ശരിയായി കണക്ട് ചെയ്യാന്‍ ലെവന്‍ഡോവ്സ്കിക്കു സാധിച്ചില്ല. ബയേണ്‍ പ്രതിരോധം കടുപ്പിച്ചപ്പോഴും ബാഴ്സ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആന്ദ്രെ ഇനിയേസ്റ്റയുടെ ലോഫ്റ്റഡ് പാസില്‍ ഡാനി ആല്‍വസിന്റെ ക്ലോസ് റേഞ്ചും ന്യൂയര്‍ സേവ് ചെയ്തു. രണ്ടാം പകുതിയിലും ബയേണ്‍ സ്വന്തം ഗോള്‍ മുഖം കോട്ടകെട്ടിക്കാത്തു. കളി ഗോള്‍രഹിത സമനിലയിലേക്കെന്നു തോന്നി.
എന്നാല്‍ 77-ാം മിനിറ്റില്‍ മെസിയുടെ മാന്ത്രികക്കാലുകള്‍ പ്രതിയോഗിയുടെ രക്ഷാകവചത്തെ കീറിമുറിച്ചു. മൈതാനത്തിന്റെ വലതുഭാഗത്തേക്ക് ഓടിക്കയറി ആല്‍വസിന്റെ പാസ് പാദത്തിലേറ്റിയ മെസി നിലംപറ്റെയുള്ള ഷോട്ടിലൂടെ ബയേണിന്റെ വലകുലുക്കി (1-0). അതുകൊണ്ടും തീര്‍ന്നില്ല മെസിയുടെ ഗോള്‍ ദാഹം. മൂന്നു മിനിറ്റുകള്‍ക്കുശേഷം ഇവാന് റാക്കിറ്റിച്ച് പകുത്തുനല്‍കിയ പന്തിനെ ം ന്യൂയറിന്റെ തലയ്ക്കുമുകളിലൂടെ മെസി വലയിലേക്ക് കോരിയിട്ടു (2-0), ജെറോം ബോട്ടെങ്ങിനെ തീര്‍ത്തും നിഷ്പ്രഭനാക്കിയ പദചലനവൈഭവത്തിലൂടെ സുന്ദരമൊരു സോളോ ഫിനിഷ്. ഇഞ്ചുറി ടൈമില്‍ നെയ്മറുടെ സ്ട്രൈക്ക് ബയേണിന്റെ വേദനകളുടെ ആഴവുംകൂട്ടി.
















