മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പ്രതീക്ഷാനിര്‍ഭരമായ ജയം. മുംബൈ വേദിയായ മുഖാമുഖത്തില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. അഞ്ചു ജയങ്ങളും പത്തുപോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്താണ്. 12 കളികളില്‍ റോയല്‍സിന്റെ നാലാം തോല്‍വിയാണിത്.
ശിഖര്‍ ധവാന് (54), ഇയോണ്‍ മോര്ഗന് ( 28 പന്തില്‍ 63, നാല് ഫോര്‍, അഞ്ച് സിക്സ്), ഭുവനേശ്വര്‍ കുമാര്‍ (3 വിക്കറ്റ്) എന്നിവര്‍ ഹൈദരാബാദ് സംഘത്തിനുവേണ്ടി നിര്‍ണായക സംഭാവനകള്‍ നല്കി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 4ന് 201 എന്ന സ്കോര്‍ പടുത്തുയര്‍ത്തി.
ചേസ് ചെയ്ത റോയല്‍സ് എതിരാളിയെ വിറപ്പിച്ചു. സ്റ്റീവന്‍ സ്മിത്തിലൂടെ (68) അവര്‍ തിരിച്ചടിച്ചു. ജെയിംസ് ഫാല്‍ക്നറും (30) സഞ്ജു വി. സാംസണും (21) ക്രിസ് മോറിസും (34 നോട്ടൗട്ട്) നിറഞ്ഞാടിയപ്പോള്‍ റോയല്‍സ് ജയിച്ചെന്നു തോന്നി. പ്രവീണ്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ മോറിസ് മൂന്നു സിക്സറുകള്‍ പറത്തി. എങ്കിലും അവസാന ഓവറില്‍ 18 റണ്‍സ് എത്തിപ്പിടിക്കാന്‍ റോയല്‍സിനെ ഭുവനേശ്വര്‍ കുമാര്‍ അനുവദിച്ചില്ല, 7ന് 194ല്‍ അടക്കിനിര്‍ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ക്ഷണിക്കപ്പെട്ട സണ്‍റൈസേഴ്സിന് ധവാനും ഡേവിഡ് വാര്‍ണറും (24) മികച്ച തുടക്കം നല്കി.
മോയ്സസ് ഹെന്റിക്വസും (20) ധവാനും തരക്കേടില്ലാത്ത സഖ്യമുണ്ടാക്കി. പിന്നെ പ്രവീണ്‍ താംബയെയും ഫോല്ക്നറെയുമൊക്കെ കണക്കറ്റു ശിക്ഷിച്ച മോര്ഗന് സണ്‍റൈസേഴ്സിനെ നല്ല സ്കോറിലേക്ക് കൂട്ടിക്കൊണ്ടുപോയി. റോയല്‍സിനുവേണ്ടി വാട്സന് രണ്ടു വിക്കറ്റ് സ്വന്തമാക്കി.
അജിന്‍ക്യ രഹാനെ (8) ക്യാപ്ടന് വാട്സന് (12) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായശേഷമായിരുന്നു റോയല്‍സിനെ സ്മിത്ത് കരകയറ്റിയത്. ഒമ്പതു ഫോറുകളും രണ്ടു സിക്സറും ആ ബാറ്റില്‍ നിന്നു പറന്നു.
















