കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബും (സി3) ലണ്ടനിലെ മലയാളി ക്രിക്കറ്റ് ടീമായ യുകെ ബ്ലാസ്റ്റേഴ്സും തമ്മിലുളള പ്രദര്‍ശന ഏകദിന മത്സരം 9 ന്. ലണ്ടനിലെ അലയന്‍സ് റഗ്ബി സ്റ്റേഡിയം വേദി. ലണ്ടന്‍ ആസ്ഥാനമായുള്ള വിന്റേജ് ഇവെന്റ് മാനേജ്മെന്റ് ആണ് സംഘാടകര്‍.
മത്സരത്തില്‍ നിന്നു ലഭിക്കുന്ന തുക കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സി3 നല്‍കും. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്, മിഡില്‍സെക്സ് ക്രിക്കറ്റ് കൗണ്ടി, നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലബ്ബ് ക്രിക്കറ്റ് കോണ്‍ഫറന്‍സ് എന്നിവയുടെ പിന്തുണയുണ്ട് മാച്ചിന്.
കുഞ്ചാക്കോ ബോബനാണ് സി3 ക്രിക്കറ്റ് ടീമിന്റെ നായകന്. ഇന്ദ്രജിത്ത് (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്, നിഖില്‍ കെ. മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, സഞ്ജു ശിവരാമന്, ജോജോ ജോര്‍ജ്, വിനു മോഹന്‍, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ടീം മേയ് 6 മുതല്‍ 11 വരെ യുകെയിലുണ്ടാകും. ദീപു ശാന്ത്, മാനേജര്‍ ഡേവിന് ദാസ് എന്നിവര്‍ ടീമിനെ അനുഗമിക്കും.
















