ലാസ്വെഗാസ്: അമേരിക്കന്‍ ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതറുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട ഫിലിപ്പൈനീസ് താരം മാനി പക്വിയാവോ തോളിനേറ്റ പരിക്ക് മറച്ചുവെച്ചാണ് റിങ്ങിലിറങ്ങിയതെന്ന് വ്യക്തമാകുന്നു. ഇതു സംബന്ധിച്ച രേഖകള്‍ ഡെയ്ലി മെയ്ല് പുറത്തുവിട്ടു.
മത്സരത്തിനു മുന്നോടിയായുള്ള ചോദ്യാവലിയില്‍ താങ്കള്‍ക്ക് തോളിനു പരിക്കുണ്ടോയെന്ന് ആരാഞ്ഞിരിക്കുന്ന കോളത്തില്‍ ‘ഇല്ല’ എന്നാണ് പക്വിയാവോ ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ പക്വിയാവോയെ പരിക്ക് അലട്ടിയിരുന്നതായും നിരവധി വേദനാസംഹാരികള്‍ താരം കഴിച്ചിരുന്നെന്നും രേഖകള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍, ബോക്സിങ് അടക്കമുള്ള ചില കായികമത്സരങ്ങളുടെ നിയന്ത്രണാധികാരമുള്ള നെവേഡ സ്റ്റേറ്റ് അത്ലറ്റിക് കമ്മീഷന്റെ നടപടിക്ക് പക്വിയാവോ വിധേയനാവും. പിഴയോ വിലക്കോ ആവും ശിക്ഷ.
സത്യപ്രതിജ്ഞാലംഘനക്കുറ്റത്തിന് ഒന്നു മുതല്‍ നാലുവര്‍ഷംവരെ തടവുശിക്ഷയും 5000 ഡോളര്‍ വരെ പിഴയും താരത്തിന് ലഭിച്ചേക്കാം.
പക്വിയാവോയുടെ ഉപദേശകനായ മൈക്കല്‍ കോന്സിനെയും ശിക്ഷകള്‍ കാത്തിരിക്കുന്നുണ്ട്. ചോദ്യാവലി പൂരിപ്പിച്ചത് താനാണെന്നും ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോന്‍സ് പറയുന്നു. എന്തുകൊണ്ടാണ് പക്വിയാവോ പരിക്ക് പുറത്തുപറയാത്തതെന്ന് പരിശോധിച്ചുവരികയാണെന്നും സാഹചര്യങ്ങള്‍ വിശകലനം ചെയ്തശേഷം നടപടി സ്വീകരിക്കുമെന്നും നെവേഡ സ്റ്റേറ്റ് അത്ലറ്റിക് കമ്മീഷന് ചെയര്മാന് ഫ്രാന്‍സിസ്കോ അഗ്യൂലാര്‍ വ്യക്തമാക്കി.
















