ലാസ് വെഗാസ്: നൂറ്റാണ്ടിന്റെ മുഷ്ടിയുദ്ധത്തില് ഫിലപ്പൈനീസ് ബോക്സര്‍ മാനി പക്വിയാവോയെ കീഴടക്കിയ അമേരിക്കന്‍ അതികായന് ഫ്ളോയ്ഡ് മെയ്വതെറിനോട് ഒരു ചോദ്യം ചോദിച്ചു: ഇനിയാരെയാണ് നിങ്ങള്‍ തോല്പ്പിക്കാനുള്ളത്.
ഒറ്റവാക്കിലൊതുങ്ങി ഉത്തരം ‘ഖാന്’. ബ്രിട്ടീഷ് ബോക്സര്‍ അമീര്‍ ഖാനെയാണ് മെയ്വെതര് ഉദ്ദേശിച്ചത്. ഖാനും ചില്ലറക്കാരനല്ല. ലൈറ്റ് വെല്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ബോക്സിങ് ഫെഡറേഷന്റെയും വേള്‍ഡ് ബോക്സിങ് അസോസിയേഷന്റെയും കീഴില്‍ രണ്ടു തവണ ലോകചാമ്പ്യനായിട്ടുണ്ട് പാക് വംശജനായ ആ ഇരുപത്തിയെട്ടുകാരന്.
മെയ്വെതറുമായിട്ടുള്ള മുഖാമുഖത്തിന് ഖാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എവിടെവെച്ചുവേണമെങ്കിലും മല്ലിടാമെന്ന് ഖാനോട് മെയ്വെതര് ടീമും സമ്മതിച്ചുകഴിഞ്ഞു. മുന്‍പ് രണ്ടുവട്ടം ഖാനുമായുള്ള കൊമ്പുകോര്‍ക്കലിന് മെയ്വെതര് ഒരുങ്ങിയിരുന്നു. എന്നാല്‍ നടക്കാതെ പോയി. സെപ്തംബറില്‍ തന്റെ 49-ാം മത്സരത്തോടെ വിരമിക്കുമെന്നാണ് മെയ്വെതര് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഈവര്‍ഷം അവസാനമോ അതല്ലെങ്കില്‍ 2016ലോ മെയ്വതറിനെ റിങ്ങില്‍ നേരില്കാണാമെന്നു ഖാന് കണക്കുകൂട്ടുന്നു. പക്വിയാവോയുടെ ടീമും ഖാനോടുള്ള അങ്കത്തിന്റെ സാധ്യതകള്‍ ആരാഞ്ഞിട്ടുണ്ട്. പക്ഷേ, മെയ്വെതര് മാച്ചിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഖാന് പറയുന്നു. കാര്യങ്ങളെല്ലാം ശരിയായ വഴിക്കു നീങ്ങിയാല്‍ മറ്റൊരു ഉശിരന്‍ റിങ് വാര് വീക്ഷിക്കാന്‍ ലോകത്തിന് അവസമൊരുങ്ങുമെന്നു ചുരുക്കം.
















