ഹൈദരാബാദ്: ഐപിഎല്ലിന്റെ അവസാന നാലില്‍ ഇടംനേടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇനിയുമേറെ പരിശ്രമിക്കേണ്ടതുണ്ടെന്ന് കോച്ച് ടോം മൂഡി. പോയിന്റ് ടേബിളില്‍ തലപ്പത്തുള്ള മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ശനിയാഴ്ച രാത്രി നേടിയ 22 റണ്‍സ് ജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൂഡിയുടെ വിലയിരുത്തല്‍.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ (62), ശിഖര്‍ ധവാന്‍ (37), ഇയോണ്‍ മോര്‍ഗന്‍ (32 നോട്ടൗട്ട്) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റിന് 192 റണ്‍സ് നേടി. ചെന്നൈ പന്തേറുകാരില്‍ ഡ്വെയ്ന്‍ ബ്രാവോ മൂന്നു വിക്കറ്റുമായി തിളങ്ങി.
സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ 6ന് 170ല്‍ എത്താനേ സാധിച്ചുള്ളു. രണ്ടുപേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറും മോയ്‌സസ് ഹെന്‍ട്രിക്‌സും സണ്‍റൈസേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
നമുക്ക് മുന്നില്‍ ഒരുപാട് കഠിന പ്രയത്‌നങ്ങള്‍ അവശേഷിക്കുന്നു. അവസാന നാലിലേക്കുള്ള ഒരു ചുവട് മാത്രമാണ് ഈ ജയം. കൊല്‍ക്കത്തയുമായുള്ള അടുത്ത മത്സരവും അതിപ്രധാനം തന്നെ, മൂഡി പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഇതുവരെ വാര്‍ണര്‍ മനോഹരമായി ബാറ്റ് ചെയ്തു. അദ്ദേഹം ഭയരഹിതമായും സ്മാര്‍ട്ടായും കളിക്കുന്നു. എതിരാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. വാര്‍ണറും ശിഖര്‍ ധവാനും സ്ഥിരമായി ടീമിന് മികച്ച അടിത്തറ നല്‍കുന്നെന്നും മൂഡി കൂട്ടിച്ചേര്‍ത്തു.
















