ലാസ്വെഗാസ്: ബോക്സിംഗ് റിങില്‍ ഇന്ന് ഇടിമുഴക്കം. നൂറ്റാണ്ടിന്റെ പോരാട്ടമെന്നു വിശേഷിപ്പിക്കുന്ന മത്സരത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള മാനി പക്കിയാവോയും അമേരിക്കയുടെ ഫ്ളോയ്ഡ് മേവെതര്‍ ജൂണിയറും ഏറ്റുമുട്ടും. അമേരിക്കയിലെ ലാസ്വേഗസ് എംജിഎം ഗ്രാന്‍ഡ് ഗാര്ഡന് അരീനയില്‍ ലോക വെല്‍റ്റര്‍വെയ്റ്റ് കിരീടത്തിനായുള്ള ഈ സൂപ്പര്‍ പോരാട്ടം.
ജയിക്കുന്നയാള്‍ ലോക ബോക്സിങ് അസോസിയേഷന്, ഓര്ഗനൈസേഷന്, കൗണ്‍സില്‍ എന്നിവയുടെ സംയുക്ത വെല്‍റ്റര്‍വെയ്റ്റ് ലോക ചാമ്പ്യനാകും. ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പകിട്ടാണ് ഈ പോരാട്ടത്തിന്. 63.5-67 കി. ഗ്രാം ആണ് വെല്‍റ്റര്‍വെയ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുവദനീയമായ തൂക്കം.
അമേരിക്കക്കാരനായ കെന്നി ബേലസാണ് മത്സരത്തിന്റെ റഫറി. മൂന്ന് ജഡ്ജുമാര്‍ ബേലസിനു കൂട്ടുണ്ടാകും.
പട്ടിണിപ്പാവങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവന്ന പക്കിയാവോ പോരാട്ടവീര്യവുമായാണ് എത്തുന്നത്. പ്രൊഫഷണല്‍ പോരാട്ടങ്ങളില്‍ ഇതുവരെ പരാജയമറിയാതെയാണ് മേവെതര്‍ ഇന്ന് ലോക കിരീടത്തിനായി റിങില്‍ ഇറങ്ങുന്നത്. കാണികളുടെ കണ്ണിലുണ്ണിയാണ് പക്കിയാവോ. കാര്യമിങ്ങനെയൊക്കെ എങ്കിലും എതിരാളിയെ ഇടിച്ചുവീഴ്ത്താന്‍ ഇരുവരും കച്ചമുറുക്കുമ്പോള്‍ കായികലോകത്തിന്റെ നെഞ്ചിടിപ്പ് ഏറുകയാണ്. വിജയിക്ക് 200 ദശലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുക.
















