ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ വിജയം. മഴ മൂലം 10 ഓവറാക്കി ചുരുക്കിയ കളിയില്‍ 7 വിക്കറ്റിനാണ് കോഹ്ലിയും കൂട്ടരും ഗംഭീറിനെയും സംഘത്തെയും തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറയങ്ങിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റിന് 115 റണ്‍സെടുത്തു വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു 9 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 17 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 45 റണ്‍സെടുത്ത ആന്ദ്രെ റസ്സലിന്റെയും 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത റോബിന് ഉത്തപ്പയുടെയും പ്രകടനത്തിന്റെ കരുത്തിലാണ് 111 റണ്‍സെടുത്തത്. ഗംഭീര്‍ 12 റണ്‍സെടുത്തപ്പോള്‍ യൂസഫ് പഠാന് ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കമാണ് ക്രിസ് ഗെയിലും വിരാട് കോഹ്ലിയും നല്‍കിയത്. 3.5 ഓവറില്‍ സ്കോര്‍ 48-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 9 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളടക്കം 21 റണ്‍സെടുത്ത ഗെയിലാണ് ആദ്യം മടങ്ങിയത്. തുടര്‍ന്നെത്തിയ ഡിവില്ലിയേഴ്സ് രണ്ട് റണ്‍സെടുത്ത് ചൗളയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് സ്കോര്‍ 81-ല്‍ എത്തിയപ്പോള്‍ 20 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് ആറുമടക്കം 34 റണ്‍സെടുത്ത കോഹ്ലിയും മടങ്ങിയെങ്കിലും 18 പന്തില്‍ നിന്ന് നാല് ഫോറും മൂന്നു സിക്സറുമടക്കം പുറത്താകാതെ 45 റണ്‍സെടുത്ത മന്ദീപ് സിംഗും 7 പന്തില്‍ നിന്ന് പുറത്താകാതെ 9 റണ്‍സെടുത്ത വീസും ചേര്‍ന്ന് ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചു. ബെംഗളൂരുവിന്റെ മന്ദീപാണ് മാന്‍ ഓഫ് ദി മാച്ച്.
















