മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ആരാധകരെ ആവേശത്തിന്റെ മുള്‍മുനയിലാക്കി കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ബാഴ്സയുടെ തകര്‍പ്പന്‍ വിജയത്തിനുപിന്നാലെ ഇന്നലെ പുലര്‍ച്ചെ റയല്‍ മാഡ്രിഡും ഗംഭീര വിജയം നേടിയതോടെയാണ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീളുന്നത്.
ഗരത്ത് ബെയ്ല്, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ മറന്നുപോവുകയും ചെയ്ത മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡ് അല്‍മേറിയയെ തകര്‍ത്തത്.
ജെയിംസ് റോഡ്രിഗസ്, അര്‍ബെലോവ എന്നിവര്‍ നേടിയ ഗോളുകള്‍ക്കൊപ്പം അല്‍മേറിയ താരം മൗറോ ഡോസ്സാന്റോസിന്റെ സെല്‍ഫ് ഗോളും റയല്‍ വിജയത്തിന്റെ മാറ്റുകൂട്ടി. ഇതോടെ കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ള ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം റയല്‍ വീണ്ടും രണ്ടാക്കി കുറച്ചു. ലീഗില്‍ ഇരു ടീമുകള്‍ക്കും ഇനി നാലു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഈ നാലുമത്സരങ്ങളും ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. ഇരു ടീമുകളും നാല് മത്സരങ്ങളും ജയിച്ചാല്‍ ബാഴ്സ കിരീടത്തില്‍ മുത്തമിടും.
എന്നാല്‍ ബാഴ്സലോണ ഒരു കളി തോല്‍ക്കുകയോ റയല്‍ എല്ലാ കളികളും വിജയിക്കുകയും ചെയ്യുന്നപക്ഷം കിരീടം റയലിന് സ്വന്തം. ഈ വിജയത്തോടെ റയലിന് 34 കളിയില്‍ 82 പോയിന്റായി. ബാഴ്സയ്ക്കാകട്ടെ ഇത്രയും കളിയില്‍ നിന്നും 84 പോയിന്റും.
കഴിഞ്ഞ ദിവസം ഗറ്റാെഫയ്ക്കെതിരായ മത്സരം 6-0ന് വിജയിച്ച് ബാഴ്സലോണ റയലുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ, കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഹോം മൈതാനത്ത് റയലിന്റെ പോരാട്ടം. പരുക്കു മൂലം പ്രമുഖ താരങ്ങളില്‍ പലരും പുറത്തിരുന്നതോടെ ഈ കളിയിലും താരതമ്യേന ശക്തി കുറഞ്ഞ ടീമുമായിട്ടായിരുന്നു റയല്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയത്.
എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവില്‍ തുടക്കം മുതല്‍ ആക്രമണാത്മകമായ കളിയാണ് റയല്‍ താരങ്ങള്‍ പുറത്തെുത്തത്. നിരന്തരം അല്‍മേറിയ ഗോള്‍മുഖം ആക്രമിച്ച റയല്‍ താരങ്ങള്‍ തുടര്‍ച്ചയായി ഗോളിലേക്ക് വഴി തിരഞ്ഞെങ്കിലും അല്‍മേറിയ പ്രതിരോധനിര പാറപോലെ ഉറച്ചു നിന്നതോടെ ഗോളൊന്നും വന്നില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമാകുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു റയലിന്റെ ആദ്യഗോള്‍.
ജര്‍മന്‍ താരം ടോണി ക്രൂസ് ബോക്സിലേക്ക് നീട്ടിനല്‍കിയ പാസ് അല്‍മേറിയ താരം തലകൊണ്ട് ചെത്തിയിട്ട് അപകടമൊഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിലത്തുതട്ടി ഉയര്‍ന്ന പന്ത് വീണ്ടും നിലംതൊടുംമുന്നേ 25 വാര അകലെ നിന്ന് ജെയിംസ് റോഡ്രിഗസ് ഇടംകാലുകൊണ്ട് പറത്തിയ ബുള്ളറ്റ് വോളി മുഴുനീളെ പറന്ന അല്‍മേറിയ ഗോളിയെയും മറികടന്ന് വലയില്‍ തറച്ചുകയറി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ റയല്‍ താരങ്ങള്‍ ആക്രമണം തുടര്‍ന്നതോടെ രണ്ടാം ഗോളുമെത്തി. ക്രൂസ് സ്പര്‍ശമുള്ളതായിരുന്നു ഈ ഗോളും. ജെസെയുടെ സുന്ദരമായൊരു പാസ് ക്രൂസ് നേരെ ഗോള്‍മുഖത്തുള്ള റൊണാള്‍ഡോയ്ക്ക് മറിച്ചു. പന്ത് റൊണാള്‍ഡോയ്ക്ക് കിട്ടുംമുന്പേ അടിച്ചകറ്റാനുള്ള അല്‍മേറിയ താരം ഡോസ് സാന്റോസിന്റെ ശ്രമം അവസാനിച്ചത് സ്വന്തം വലയില്‍. സ്കോര്‍2-0.
പിന്നെയും ഇരുകൂട്ടരും ഗോളിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും അവയെല്ലാം പാഴായി. ഗോളുകളുടെ എണ്ണം കൂട്ടാനുള്ള റയല്‍ താരങ്ങളുടെ ശ്രമങ്ങളെല്ലാം അല്‍മേറിയ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. അതിനിടയിലായിരുന്നു 84-ാം മിനിറ്റില്‍ അര്‍ബെലോവയുടെ മൂന്നാം ഗോള്‍. ഇസ്കോയില്‍ നിന്നും ഹവിയര്‍ ഹെര്‍ണാണ്ടസ് വഴിയെത്തിയ പന്തിനെ സുരക്ഷിതമായി വലയിലെത്തിച്ച അര്‍ബെലോവ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിടുന്ന ഗോള്‍ വരള്‍ച്ചയ്ക്കും പരിഹാരം കണ്ടു.
മറ്റൊരു മത്സരത്തില്‍ പൊരുതിക്കളിച്ച വിയ്യാറയലിനെ 74-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് നേടിയ ഏക ഗോളിന് തോല്‍പ്പിച്ച അത്ലറ്റിക്കോ മഡ്രിഡ് 34 മല്‍സരങ്ങളില്‍ നിന്നും 75 പോയിന്റുമായി ലീഗിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റ് മത്സരങ്ങളില്‍ കാര്‍ലോസ് ബാക്കയുടെ ഇരട്ടഗോളിന്റെ മികവില്‍ സെവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഐബറിനെയും എല്‍ച്ചെ 4-0ന് ഡിപോര്‍ട്ടീവോയെയും പരാജയപ്പെടുത്തിയപ്പോള്‍ മലാഗക്കെതിരെ സെല്‍റ്റ 1-0ന്റെ വിജയവും സ്വന്തമാക്കി.
















