മ്യൂണിക്ക്: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് കിക്കുകളും പാഴാക്കിയ ബയേണ്‍ മ്യൂണിക്ക് ജര്‍മ്മന്‍ ലീഗ് കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാതെ പുറത്തായി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ സെമിഫൈനല്‍ പോരാട്ടത്തിലായിരുന്നു ബയേണിന്റെ നാണംകെട്ട പ്രകടനം. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 2-0നാണ് ബൊറൂസിയ നിലവിലെ ചാമ്പ്യന്മാര്ക്ക് മടക്കടിക്കറ്റ് നല്‍കിയത്.
75,000 കാണികളെ സാക്ഷിയാക്കി ബയേണിന്റെ സ്വന്തം സ്റ്റേഡിയമായ അലയന്‍സ് അരീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫിലിപ്പ് ലാം, സാബി അലോണ്‍സോ, മരിയോ ഗോട്സെ, ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുയര്‍ എന്നിവരാണ് പെനാല്‍റ്റി കിക്കുകള്‍ തുലച്ചുകളഞ്ഞത്. കിക്കെടുക്കുന്നതിനിടെ ഫിലിപ്പ് ലാമും സാബി അലോണ്‍സോയും വഴുതിവീണതിനെ തുടര്‍ന്നാണ് ബയേണിന് ലക്ഷ്യം കാണാന്‍ കഴിയാതെ വന്നത്. മാനുവല്‍ ന്യുയറിന്റെ കിക്ക് ക്രോസ് ബാറില്ത്തട്ടിത്തെറിച്ചപ്പോള് മരിയോ ഗോട്സെയുടെ കിക്ക് പറന്ന് തട്ടിയിട്ട് ബൊറൂസിയ ഗോള്‍കീപ്പര്‍ മിച്ചല്‍ ലാംഗ്റാക് ടീമിന്റെ ഹീറോയുമായി.
നിശ്ചിതസമയത്തും അധികമസയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. തോല്‍വിയോടെ ലീഗ് കപ്പില്‍ ഹാട്രിക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ബയേണിന് ഇല്ലാതായത്. മാത്രമല്ല ബുന്ദസ്ലീഗ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളായിരുന്നു ഇത്തവണ ബയേണ്‍ പ്രതീക്ഷിച്ചിരുന്നത്. ലീഗ് കപ്പ് കിരീടം കൈവിട്ടതോടെ ഇനി ലക്ഷ്യം ബുന്ദസ്ലീഗ് കിരീടത്തിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവുമാണ്. എന്നാല്‍ അതത്ര എളുപ്പമല്ല. സെമിയില്‍ കരുത്തരായ ബാഴ്സലോണയാണ് ബയേണിന്റെ എതിരാളികള്‍.
കഴിഞ്ഞ ദിവസം ബുന്ദസ് ലീഗ് കിരീടം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ലീഗ് കപ്പിന്റെ സെമിഫൈനലില്‍ കളിക്കാനിറങ്ങിയ ബയേണ്‍ മ്യൂണിക്ക് 29-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയിലൂടെ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ 75-ാം മിനിറ്റില്‍ ഒബാമെയങിലൂടെ ഡോര്‍ട്ട്മുണ്ട് സമനില പിടിക്കുകയും ചെയ്തു. ഇതോടെ നിശ്ചിത സമയത്ത് കളി 1-1ന് സമനിലയില്‍പിരിഞ്ഞു. തുടര്‍ന്ന് അധികസമയത്തേക്ക് നീെണ്ടങ്കിലും വിജയഗോള്‍ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 108-ാം മിനിറ്റില്‍ ബൊറൂസിയയുടെ കെവിന് കാംപെല്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
















