നൗകാമ്പ്: സൂപ്പര്‍താരങ്ങളുടെ ഗോളടിമികവില്‍ കരുത്തരായ ബാഴ്സലോണക്ക് മിന്നുന്ന വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന സ്പാനിഷ് ലീഗിലെ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്സലോണ ഗറ്റാെഫയെ തകര്‍ത്തുവിട്ടത്.മെസ്സിയും സുവാരസും രണ്ട് വീതവും നെയ്മര്‍, സാവി എന്നിവര്‍ ഓരോ ഗോളുകളും നേടി.
ഇരുപകുതികളിലുമായി കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ ബാഴ്സയുടെ വിജയമാര്‍ജിന്‍ ഇതിലും കൂടിയേനെ. ഗെറ്റാഫെയ്ക്കെതിരായ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം അരിക്കിട്ടുറപ്പിച്ച ബാഴ്സലോണ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ധിപ്പിച്ചു. എങ്കിലും, റയല്‍ ബാര്‍സയേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന ആനുകൂല്യമുണ്ട്. ബാഴ്സക്ക് 84ഉം റയല്‍ മാഡ്രിഡിന് 79ഉം പോയിന്റുകളാണുള്ളത്.
ഇൗ മത്സരത്തോടെ മെസ്സി, സുവാരസ്, നെയ്മര്‍ എന്നിവരടങ്ങുന്ന ബാഴ്സയുടെ ത്രിമൂര്‍ത്തികളുടെ ഈ സീസണിലെ ഗോള്‍ നേട്ടം 102 ആയി. മെസ്സി-49, സുവാരസ്-21, നെയ്മര്‍-32 എന്നിങ്ങനെയാണ് ത്രിമൂര്‍ത്തികള്‍ ഗോളടിച്ചുകൂട്ടിയത്. ഈ സീസണില്‍ എല്ലാം ടൂര്‍ണമെന്റുകളില്‍ നിന്നുമായി ബാര്‍സ പരാജയമറിയാതെ പിന്നിടുന്ന 15-ാം മത്സരം കൂടിയായിരുന്നു ഇത്. 14 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചു.
ഒരു സമനിലപോലും കിരീടനേട്ടത്തിന് വിലങ്ങുതടിയായേക്കുമെന്ന തിരിച്ചറിവില്‍ അതിഗംഭീരമായ പ്രകടനമാണ് ബാഴ്സ താരങ്ങള്‍ നൗകാമ്പില്‍ കാഴ്ചവെച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്സ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലീഡ് നേടി. സുവാരസിനെ ഗെറ്റാഫെ താരം വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. ബാര്‍സ 1-0ന് മുന്നില്‍.
ഇതിന് മുമ്പ് 4, 6 മിനിറ്റുകളില്‍ ഡാനി ആല്‍വസ് രണ്ട് അവസരങ്ങള്‍ പാഴാക്കിയിരുന്നു. ലീഡ് നേടിയതോടെ ബാഴ്സയുടെ ആക്രമണത്തിന്റെ കരുത്ത് വര്‍ദ്ധിച്ചു. 25-ാം മിനിറ്റില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍ നിന്ന് സുവാരസ് നിറയൊഴിച്ചു. മൂന്നുമിനിറ്റിനുശേഷം നെയ്മറുടെ ഊഴം. സുവാരസ് നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് മധ്യത്തില്‍ നിന്ന് നെയ്മര്‍ പായിച്ച ഷോട്ട് ഗറ്റാഫെ വലയില്‍ കയറിയതോടെ ബാഴ്സലോണ 3-0ന്റെ ലീഡ് നേടി.
30-ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്ന് സാവി ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ തറച്ചുകയറിയതോടെ ഗോള്‍ നില 4-0 ആയി. ഇതിനിടെ ഗറ്റാെഫ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തുകയും ഒന്നുരണ്ടു ഷോട്ടുകള്‍ ബാഴ്സ ഗോള്‍മുഖത്തേക്ക് പായിക്കുകയും ചെയ്തെങ്കിലും ഗോള്‍കീപ്പര്‍ ബ്രാവോയെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 40-ാം മിനിറ്റില്‍ ലൂയി സുവാരസ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി.
സാവിയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ഗറ്റാഫെ വലയില്‍ കയറിയത്. ആദ്യപകുതിയില്‍ ബാഴ്സ 5-0ന്റെ ലീഡുമായാണ് ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറിയത്. ഇടവേളക്കു ശേഷം കളി ആരംഭിച്ച് അധികം കഴിയും മുന്നേ മെസ്സി ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ലൂയി സുവാരസിന്റെ പാസില്‍ നിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ഈ സീസണില്‍ മെസ്സിയുടെ 49-ാം ഗോളായിരുന്നു ഇത്.
മെസിയുടെ രണ്ടാം ഗോളിന് പിന്നാലെ ഗെറ്റാഫെ താരങ്ങള്‍ മയക്കം വിട്ടുണര്‍ന്നെങ്കിലും വൈകിപ്പോയിരുന്നു. അതുവരെ ചിത്രത്തിലില്ലാതിരുന്ന ഗെറ്റാഫെ താരങ്ങള്‍ പതിയെ താളം കണ്ടെത്തിയതോടെ ബാഴ്സയുടെ ഗോളടി പരിശീലനത്തിനും അറുതിയായി. അതിനിടയിലും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളിലേക്കെത്തിക്കാന്‍ ബാര്‍സയ്ക്കായില്ല. അതേസമയം ചില അവസരങ്ങള്‍ ഗറ്റാഫെ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ ഒരു ആശ്വാസഗോളെന്ന അവരുടെ സ്വപ്നവും പൊലിഞ്ഞുപോയി.
ബാഴ്സലോണക്ക് ഇനി നാല് കളികളും റയല്‍ മാഡ്രിഡിന് അഞ്ച് കളികളുമാണ് ബാക്കിയുള്ളത്. അത്ഭുതങ്ങളോ വന്‍ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ ബാഴ്സലോണക്ക് ഇത്തവണ ലീഗ് ചാമ്പ്യന്മാരാകാന് കഴിയും.
മറ്റ് മത്സരങ്ങളില്‍ ലവന്റെ 1-0ന് കോര്‍ഡോബയെ കീഴടക്കിയപ്പോള്‍ അത്ലറ്റിക് ബില്‍ബാവോ-റയല്‍ സോസിഡാഡ് പോരാട്ടം 1-1ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.
















